രാജ്യം കണ്ട ഏറ്റവും വലിയ കർഷക സമരം:കർഷകരുടെ ലോങ്ങ് മാർച്ചിന് ജനകീയ പിൻതുണ

മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ മുംബൈയിലെത്തി.സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണു പ്രതിഷേധം. കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കർഷകരുടെ തീരുമാനം. ഈ സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.

ഈ മാസം ഏഴിനു നാസിക്കിൽ നിന്നാരംഭിച്ച കാൽനടജാഥയിൽ, മുംബൈയിലേക്കുള്ള 182 കിലോമീറ്റർ ദൂരവും സ്ത്രീകളും മധ്യവയസ്കരും ഉൾപ്പെടെയുള്ളവർ നടന്നാണെത്തിയത്. പൊരിവെയിലിൽ പ്രതിദിനം നടന്നതു ശരാശരി 35 കിലോമീറ്റർ. ഓരോ പ്രദേശത്തുനിന്നും വൻതോതിൽ ആളുകൾ റാലിയിൽ ചേർന്നു.

ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ സമരം 11 മണാക്കാണ് സമരം തുടങ്ങുകയെന്ന് കിസാൻ സഭ അറിയിച്ചു. നിലവിൽ ഘാട്കോപറിനടുത്ത് രമാഭായ് നഗറിലെ മൈതാനത്തു തമ്പടിച്ചിരിക്കുകയാണു കർഷക സംഘം. ഇവിടെ പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷമായാണു പ്രദേശവാസികൾ കർഷകരെ സ്വാഗതം ചെയ്തത്.

ജാഥയെ അഭിസംബോധന ചെയ്ത ശിവസേന നേതാവ് ആദിത്യ താക്കറെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു. കർഷകരുടെ വായ്പ എഴുതിത്തള്ളമെന്ന ആവശ്യം ശിവസേനയുടേതു കൂടിയാണ്. കർഷകർക്ക് ആവശ്യമായ എല്ലാ സഹായവും നൽകണമെന്നാവശ്യപ്പെട്ടാണ് പാർട്ടി തലവൻ ഉദ്ദവ് താക്കറെ തന്നെ അയച്ചതെന്നും ആദിത്യ പറഞ്ഞു.

സിപിഐയും പെസന്റ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയും മാർച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎന്‍എസ് തലവൻ രാജ് താക്കറെയും ജാഥയ്ക്ക് പിന്തുണ അറിയിച്ചു സംസാരിച്ചു. വെള്ളവും വൈദ്യസഹായവും ഉൾപ്പെടെ ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു പൊലീസും അറിയിച്ചു.

അതേസമയം ഏഴായിരത്തോളം പേർ മാത്രമേ ജാഥയിലുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപിച്ചു. ഇതിൽ അഞ്ഞൂറോളം പേർ മാത്രമേ കർഷകരുള്ളൂ. ശേഷിക്കുന്നവർ ഗോത്രവിഭാഗക്കാരാണ്. അവരുടെ ആവശ്യങ്ങൾ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

കർഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാൻ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്റെ നീക്കം. വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജാഥ. അഖിലേന്ത്യ കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ട്.

മഹാരാഷ്ട്രയിൽ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തിൽ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

error: Content is protected !!