ഫെയ്‌സ്ബുക്ക് വിവര ചോര്‍ച്ചയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു

കേംബ്രിജ് അനലിറ്റിക്കയുടെ ഡേറ്റാ ചോര്‍ച്ചയെക്കുറിച്ചു വിശദമായ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിനു കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചുവെന്ന ആരോപണത്തില്‍ ഏപ്രില്‍ ഏഴിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വിവരസാങ്കേതിക മന്ത്രാലയമാണു ഫെയ്‌സ്ബുക്കിനെതിരെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വോട്ടര്‍മാരുടെയും ഉപയോക്താക്കളുടെയും വ്യക്തിവിവരങ്ങള്‍ കേംബ്രിജ് അനലിറ്റയ്‌ക്കോ വേറെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും തരത്തില്‍ നല്‍കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഇവ നല്‍കിയിട്ടുള്ളത് എന്നാണ് ചോദിച്ചിരിക്കുന്നത്.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള ബന്ധത്തെ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ നീക്കം. കേംബ്രിഡ്ജ് അനലറ്റിക്കയുമായി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ.യുടെ സാമൂഹിക മാദ്ധ്യമതന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യഷന്‍ രാഹുല്‍ഗാന്ധി ധാരണയുണ്ടാക്കിയെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന ആരോപണം. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ടതായാണ് കോണ്‍ഗ്രസ് പറയുന്നത്.

നേരത്തെ കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചെന്ന് മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്ലിയുടെ വെളിപ്പെടുത്തിയിരുന്നു. 2007ല്‍ കേരളത്തിലെ ജിഹാദി റിക്രുട്ട്മന്റെിനെ സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണം കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തി. തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനെതിരായ പദ്ധതിക്ക് വേണ്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദേഹം വ്യക്തമാക്കി.

എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരം ശേഖരിച്ചതെന്ന് വെയ്ലി വ്യക്തമാക്കിയിട്ടില്ല. കേരളം,പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാല്‍, ആര്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കിയതെന്ന് വെയ്‌ലി വെളിപ്പെടുത്തിയില്ല.

error: Content is protected !!