ഫെയ്‌സ്ബുക്ക് വിവരം ചോര്‍ത്തല്‍; കുരുക്കില്‍ പെട്ട് കോണ്‍ഗ്രസും ബിജെപിയും

ഫെയ്‌സ്ബുക്ക് വിവരം ചോര്‍ത്തല്‍ വിവാദ കുരുക്കില്‍ കോണ്‍ഗ്രസും ബിജെപിയും. ഇരുപാര്‍ട്ടികളും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റികയുടെ ഇടപാടുകാരണെന്ന് എന്‍ഡിവി റിപ്പോര്‍ട്ട്.

കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ പങ്കാളി ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജൻസിന്റെ (ഒബിഐ) വെബ്സൈറ്റ് അനുസരിച്ച് ബിജെപി, കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) തുടങ്ങിയവ തങ്ങളുടെ ഇടപാടുകാരാണെന്നു വ്യക്തമാക്കുന്നു.

അതിനിടെ, ബിജെപി – ജനതാദള്‍ (യു) പാര്‍ട്ടികള്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യം വന്‍വിജയം നേടിയ 2010ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവരെ ജയിപ്പിക്കാന്‍ സജീവമായി ഇടപെട്ടിരുന്നതായുള്ള കേംബ്രിജ് അനലിറ്റിക്കയുടെ വെളിപ്പെടുത്തൽ ഇന്നലെ പുറത്തുവന്നിരുന്നു. ഒൗദ്യോഗിക വെബ്സൈറ്റിലെ വാർത്താക്കുറിപ്പിലൂടെയാണു വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയിലെ ഇടപെടലുകൾ വിവാദമായതിനു പിന്നാലെ ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജൻസിന്റെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ മകൻ അമ്‌രിഷ് ത്യാഗിയാണ് ഒവ്‌ലീന്റെ പിന്നിലുള്ളത്. എസ്‌സിഐ ഇന്ത്യയുടെയും ലണ്ടനിലെ എസ്‌സിഎൽ ഗ്രൂപ്പിന്റെയും സംയുക്ത സ്ഥാപനമാണ് ഒവ്‌ലീനോയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. കേംബ്രിജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമാണ് എസ്‌സിഎൽ ഗ്രൂപ്പ്.

അതേസമയം, 2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ചെന്ന് ത്യാഗി ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തിയിരുന്നു. 2010ലും 2011ലും ജാർഖണ്ഡില്‍ യൂത്ത് കോൺഗ്രസിനുവേണ്ടിയും പ്രവർത്തിച്ചു.

മാത്രമല്ല, സമൂഹമാധ്യമമായ ലിങ്ക്ഡിനിൽ ഒവ്‌ലീന്റെ ഡയറക്ടർമാരിൽ ഒരാളായ ഹിമാൻഷു ശർമ പറയുന്നത് ബിജെപിക്കായി നാലു തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയെന്നും മിഷൻ 272 എന്ന ടാർജറ്റ് നടപ്പാക്കിയെന്നുമാണ്. ഒവ്‌ലീനുമായു ശര്‍മ യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത് 2013ലാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ വിവാദം ആരംഭിച്ചതിനു പിന്നാലെ ബിജെപിയുമായുള്ള ശർമയുടെ ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ ലിങ്ക്ഡിനിലെ സ്വന്തം പ്രൊഫൈലിൽനിന്ന് ശർമ നീക്കം ചെയ്തു.

error: Content is protected !!