അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുന്നു

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ അടച്ചു പൂട്ടും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചാണ് തീരുമാനം. സ്കൂളുകള്‍ പൂട്ടാന്‍ കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.

ഇത്തരത്തിലുള്ള 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇത് സംബന്ധിച്ച് കെ.എന്‍.എ ഖാദര്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്‌കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില സ്‌കൂളുകള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പൂട്ടിയതെന്നും മന്ത്രി അറിയിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും 10,000 രൂപ വീതം പിഴയായി അടയ്‌ക്കേണ്ടി വരും. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. മൂന്ന് ഏക്കര്‍ സ്ഥലം, കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 300 കുട്ടികള്‍,സ്ഥിരം കെട്ടിടം,,യോഗ്യതയുള്ള അധ്യാപകര്‍ എന്നിവയായിരുന്നു മാനദണ്ഡം.അംഗീകാരമില്ലാത്ത ഏകദേശം 3400 സ്‌കൂളുകള്‍ അപേക്ഷിച്ചതില്‍ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നല്‍കിയിരുന്നു

error: Content is protected !!