ന്യൂനമർദ്ദം തീവ്ര മർദ്ദമാകും: ചുഴലിക്കാറ്റിന് സാധ്യത കുറവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമർദം ഇന്നോ, നാളേയോ അതിശക്‌ത ന്യൂനമർദമായി (ഡീപ്പ് ഡിപ്രഷൻ) മാറും. തുടർന്ന് ശക്തിപ്പെടാതെ കെട്ടടങ്ങാനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) വിശദീകരിച്ചു. ന്യൂനമർദ്ദത്തിന്റെ ഫലമായി മധുരയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞു മഴ പെയ്തു.

ചുഴലിക്കു (സൈക്ലോൺ) തൊട്ടു മുൻപുള്ള ഘട്ടമാണ് തീവ്ര ന്യൂനമർദം. ഇതിന്റെ ഫലമായി കന്യാകുമാരിയിലും ലക്ഷദ്വീപിലും തീരത്ത് ചുഴലിസമാനമായ കാറ്റു വീശും. മഴയും ലഭിക്കും. കേരളത്തിന്റെ ചില ഭാഗത്ത് ഇന്ന് നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ലോ പ്രഷർ, ഡിപ്രഷൻ, ഡീപ്പ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, വെരി സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ എന്നിങ്ങനെ ഏഴു ഘട്ടങ്ങളാണ് ചുഴലിക്കാറ്റിനുള്ളത്.

ഇപ്പോഴത്തേ ന്യൂനമർദം മൂന്നാം ഘട്ടം വരെയെത്താൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്‌ധമായിരിക്കും. കരയിൽ സാമാന്യം മഴ ലഭിക്കും. കേരള തീരത്ത് തിരമാലകളുടെ ഉയരം മൂന്നു മീറ്ററിൽ കൂടുതലായിരിക്കും. കൊല്ലത്ത് ഇത് 3.8 മീറ്റർ വരെയാകുമെന്ന് ഹൈദരാബാദ് ഇൻകോയ്‌സ് അറിയിച്ചു. മാർച്ച് 15 വരെ കേരള തീരത്തെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണു മുന്നറിയിപ്പ്. വടക്കൻ കേരളത്തിനും ഇത് ബാധകമാണ്.

error: Content is protected !!