മുരുകന്‍റെ മരണം; ഡോക്ടര്‍മാരോട് ആരോഗ്യസെക്രട്ടറി വിശദീകരണം ചോദിച്ചു

ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച മുരുകനെ പരിശോധിക്കാന്‍ വിസമ്മിതച്ച ഡോക്ടര്‍മാരോട് ആരോഗ്യസെക്രട്ടറി വിശദീകരണം ചോദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരിക്കേറ്റ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ജൂനിയര്‍ റസിഡന്റ് ഡോ.പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യ വകുപ്പ് വിശദീകരണം തേടിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുരുകനെ ജൂനിയര്‍ റസിഡന്‍റ് ഡോ.പാട്രിക് ഡ്യൂട്ടി നഴ്‌സിനൊപ്പം ആംബുലന്‍സിലെത്തി കണ്ടെങ്കിലും അത് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് പരിശോധിച്ചശേഷം ആംബ്യുബാഗ് നല്‍കാമെന്ന് അറിയിച്ചെങ്കിലും മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഒ.പി ടിക്കറ്റടക്കം എടുക്കണമെന്ന നിര്‍ദേശവും നല്‍കിയില്ല . ഇതാണ് ഡോ. പാട്രിക്കിന് പറ്റിയ വീഴ്ച.

മുരുകന്റെ ഗുരുതരാവസ്ഥ അറിയിച്ചിട്ടും ഡ്യൂട്ടി മെഡിക്കല്‍ ഓഫിസറായിരുന്ന ഡോ.ശ്രീകാന്ത് മുരുകനെ കണ്ടില്ല. മരുകന്‍ ചികില്‍സ തേടിയത് ആശുപത്രി രേഖകളിലുമാക്കിയില്ലെന്നാണ് ശ്രീകാന്തിന്റെ വീഴ്ചകളായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരും വിശദീകരണം ഉടന്‍ നല്‍കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. വിശദീകരണം ലഭിച്ചശേഷമാകും ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിലടക്കം അന്തിമ തീരുമാനമെടുക്കുക .

ചികിത്സ കിട്ടാതെ മുരുകന്‍ മരിച്ച സംഭവത്തില്‍ ജോയിന്‍റ് ഡി.എം.ഇ, ആരോഗ്യവകുപ്പ് ഡയറക്ടര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതി കഴിഞ്ഞ ആഗസ്റ്റ് 16നാണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

You may have missed

error: Content is protected !!