ചെങ്ങന്നൂര്‍ പിടിക്കാന്‍ മാണിയോട് കൂട്ടുകൂടി ബിജെപി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന. നാളെ കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം. കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു.

ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏതുവിധവും ജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി മുന്നണി വിപുലീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. കേരളക കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന് കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പികെ കൃഷ്ണദാസ് നേരിട്ടെത്തിയത് മാണിയുടെ മനസറിയാനാണെന്നും ഇനിയും കേന്ദ്രനേതാക്കള്‍ എത്തി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ച്യക്ക് ശേഷം പ്രതികകിരിച്ചു. എന്നാൽ കെ.എം. മാണിയുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

error: Content is protected !!