സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: വീണ്ടും പരീക്ഷ നടത്തുന്ന തീയ്യതി അടുത്ത ആഴ്ച പ്രഖ്യാപിക്കും

റദ്ദാക്കിയ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും നടത്തുന്ന തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. ബുധനാഴ്ച നടന്ന പത്താം ക്ലാസ് കണക്ക്, തിങ്കളാഴ്ച നടന്ന പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകളാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് സിബിഎസ്ഇ റദ്ദാക്കിയത്.

അതേസമയം, സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വൻ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണു ഡൽഹിയിൽ പ്രതിഷേധം. എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. സിബിഎസ്ഇയുടെ മറ്റു ചോദ്യപേപ്പറുകളും ചോർന്നിട്ടുണ്ടെന്നു സമരക്കാർ പറയുന്നു.

സംഭവത്തിൽ ഡൽഹി പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡൽഹി രജീന്ദർ നഗറിലുള്ള ഒരു കോച്ചിങ് സെന്റർ ഉടമയെ ചോദ്യം ചെയ്തെന്നാണു വിവരം. ഇയാൾക്കെതിരെ സിബിഎസ്ഇ പരാതി നൽകിയിരുന്നു. ഡൽഹി സർവകലാശാലയിൽനിന്നു പാസ്സായ ഇയാൾ കണക്ക്, ഇക്കണോമിക്സ് വിഷയങ്ങളിലാണു ട്യൂഷൻ നൽകുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകരെയും ചോദ്യം ചെയ്യുന്നുണ്ട്.

സിബിഎസ്ഇ ഉദ്യോഗസ്ഥർക്കു സംഭവവുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. അതിനിടെ, ജാവഡേക്കറിന്റെയും സിബിഎസ്ഇ അധ്യക്ഷയുടെയും രാജി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പാർട്ടി ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ചോദ്യക്കടലാസുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ ഉടൻ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

error: Content is protected !!