വിദ്യാർത്ഥികളുടെ പുതുക്കിയ കൺസെഷൻ നിരക്ക് ഇങ്ങനെയാണ്

വിദ്യാര്‍ഥികളുടെ പുതുക്കിയ കണ്‍സെഷന്‍ നിരക്ക് പുനര്‍ നിശ്ചയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ പുറത്തിറക്കി. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയായി തുടരും. 40 കിലോമീറ്ററിന് ആറ് രൂപയാണ് പരമാവധി നല്‍കുന്ന കണ്‍സെഷന്‍. നിരക്കില്‍ ഇരുപത്തഞ്ച് ശതമാനം വര്‍ധനയുണ്ടെങ്കിലും കാര്യമായ നിരക്ക് വര്‍ധനയല്ല ഇത്. നിലവിസെ 50 പൈസ വരുന്ന നിരക്കുകള്‍ വിനിമയ സൗകര്യത്തിനായി ക്രമീകരിച്ചിട്ടുണ്ട്.

നേരത്തെ നിരക്ക് വർധനയുടെ മറവിൽ വിദ്യാർഥികളെ ചൂഷണം ചെയ്യാനിടയുണ്ടെന്നു പരാതി ലഭിച്ചതിനെ തുടർന്ന് ഔദ്യോഗികമായി നിരക്കുകൾ പ്രസിദ്ധീകരിക്കാൻ ഗതാഗത സെക്രട്ടറി നിർദേശിച്ചിരുന്നു. ആദ്യത്തെ രണ്ട് ഫെയർ‌സ്റ്റേജുകളിൽ മിനിമം നിരക്ക് ഈടാക്കുന്ന ആനുകൂല്യം വിദ്യാർഥികൾക്കു നൽകിയിട്ടില്ല. ഒരു രൂപയിൽ 2.5 കിലോമീറ്ററിന്റെ ആദ്യ ഫെയർ‌സ്റ്റേജ് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. രണ്ടാം സ്‌റ്റേജ് മുതൽ 7.5 കിലോമീറ്ററിന്റെ മൂന്നാം സ്‌റ്റേജുവരെ രണ്ട് രൂപ നൽകണം. പ്രധാനമായും സ്‌കൂൾ വിദ്യാർഥികളെയാണ് ഇതു ബാധിക്കുക. ഭൂരിഭാഗം സ്‌കൂൾ വിദ്യാർഥികളും യാത്ര ചെയ്യുന്നത് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്. ഇവർക്കു മിനിമം നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടിവരും.

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കു കെഎസ്ആർടിസി സൗജന്യയാത്ര അനുവദിക്കുന്നതിനാൽ സ്വകാര്യബസുകളിൽ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാകും ഈ നിരക്ക് വര്‍ദ്ധന ബാധിക്കുക. മറ്റു ഫെയർ‌സ്റ്റേജുകളിലെ നിരക്കു പ്രകാരം 17.5 കിലോമീറ്റർ ദൂരത്തിന് മൂന്നു രൂപയാണു നിരക്ക്. 27.5 കിലോമീറ്ററിന് നാലു രൂപയും, 37.5 കിലോമീറ്ററിന് അഞ്ചു രൂപയും, 40 കിലോമീറ്ററിന് ആറു രൂപയും നൽകണം.

error: Content is protected !!