ഇന്ന് ആറ്റുകാൽ പൊങ്കാല

ഭക്തിയുടെ നിറവില്‍ ഇന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല. പൊങ്കാല മഹോത്സവത്തിനായി അനന്തപുരിയുടെ നഗരവീഥികള്‍ പതിനായിരക്കണക്കിനു ഭക്തജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കം. ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്‌നി പകരുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്.

ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്‌നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കു നൈവേദ്യം. ശേഷം സങ്കടങ്ങളൊഴിഞ്ഞ മനസ്സുമായി ഭക്തര്‍ മടങ്ങുമ്പോള്‍ നഗരം ആ പ്രവാഹത്തില്‍ സ്തംഭിക്കും. രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത്. ഇതു പൂര്‍ത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒന്‍പതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.

error: Content is protected !!