അധാര്‍ സുരക്ഷ; കോടതിമുറിയില്‍ പവര്‍പോയിന്റ്‌ അവതരണത്തിന് അനുമതി

ആധാറിനെ കുറിച്ച് കോടതി മുറിയിൽ സാങ്കേതിക അവതരണത്തിന് യു.ഐ.ഡി.എക്ക് സുപ്രീംകോടതിയുടെ അനുമതി നൽകി. ആധാര്‍ വിവരങ്ങൾ സുരക്ഷിതമാണെന്ന് സ്ഥാപിക്കാൻ യു.ഐ.ഡി.എയെ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.ഉച്ചയ്ക്കു രണ്ടരയ്ക്കു കോടതിമുറിയില്‍ പവര്‍പോയിന്‍റ് അവതരണത്തിനാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്.

പവര്‍പോയിന്‍റ് അവതരണത്തിനു തയാറാണെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പൗരന്‍റെ ഡേറ്റ ചോരില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും എജി കോടതിയില്‍ പറ‍ഞ്ഞു.

സ്വകാര്യതയുടെ പേരു പറഞ്ഞു രാജ്യത്തെ മുപ്പതു കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുളള മൗലികാവകാശം ലംഘിക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. ആധാര്‍കാര്‍ഡിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനാണ് ആധാര്‍ നടപ്പാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കോടതിയില്‍ പവര്‍പോയിന്‍റ് പ്രസന്റേഷന്‍ നടത്താന്‍ തയാറാണെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനു പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയുമോയെന്നു കോടതി ആരാഞ്ഞു. ജീവനക്കാരന്‍ നേരിട്ടു കൈകാര്യം ചെയ്യുന്നതു കൊണ്ടുതന്നെ വ്യാജപെന്‍ഷന്‍ അക്കൗണ്ടുകള്‍ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചിരുന്നു. അതിനു പിന്നാലെയാണു സുരക്ഷ വിശദീകരിക്കാന്‍ യുഐഡിഎഐ സുപ്രീംകോടതി അനുമതി നല്‍കിയത്.

error: Content is protected !!