വയല്‍ കിളികള്‍ക്ക് മേധപട്കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണ

കീഴാറ്റൂരിൽ വയല്‍ കിളികള്‍ നടത്തുന്ന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് മേധപട്കർ ഉൾപ്പെടെയുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്.ഭരണമുള്ളിടത്തു വേട്ടക്കാരനൊപ്പവും ഭരണമില്ലാത്തിടത്ത് ഇരകൾക്കൊപ്പവും എന്ന സിപിഎമ്മിന്റെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു മേധ പട്കർ, ഡോ. സനിൽ(അഖിലേന്ത്യാ കിസാൻ സംഘർഷ സമിതി), എം.ജി.എസ്.നാരായണൻ, സാറാ ജോസഫ്, സിനിമാതാരങ്ങളായ ശ്രീനിവാസൻ, ജോയി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുപ്പത്തിരണ്ടോളം പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ടു പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു.

മഹാരാഷ്ട്രയിൽ ഐതിഹാസികമായ ലോങ് മാർച്ചിലൂടെ കർഷകരിലും ആദിവാസികളിലും പ്രതീക്ഷയുണർത്തിയ അതേ പാർട്ടിയുടെ കേരള നേതൃത്വം കോർപറേറ്റുകൾക്കും ഭൂമാഫിയയ്ക്കും വേണ്ടി തണ്ണീർത്തട–നെൽവയൽ സംരക്ഷണ നിയമം അട്ടിമറിക്കുകയും കൃഷിഭൂമി മറ്റ് ആവശ്യങ്ങൾക്കായി ബലമായി ഏറ്റെടുക്കുകയുമാണ്. നെൽവയൽ നശിപ്പിച്ച് ദേശീയപാത ബൈപാസ് നിർമിക്കുന്നതിനെതിരെ കർഷകർ നടത്തുന്ന സമരത്തെ സിപിഎമ്മും പൊലീസും ചേർന്നു പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തി.

കേരളം കടുത്ത ചൂടും കുടിവെള്ളക്ഷാമവും നേരിടുമ്പോൾ പ്രാദേശിക പരിസ്ഥിതി ഘടനയെയും കാലാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ഭൂമിയുടെ ഘടന മാറ്റിമറിക്കുന്ന വികസന പ്രവർത്തനങ്ങളെയാണ് കീഴാറ്റൂരിലെ കർഷകർ എതിർക്കുന്നത്.എം.എൻ.കാരശ്ശേരി, സിവിക് ചന്ദ്രൻ, എം.ഗീതാനന്ദൻ, പുരുഷൻ ഏലൂർ, റഫീഖ് അഹമ്മദ്, കൽപ്പറ്റ നാരായണൻ, യു.കെ.കുമാരൻ, സി.ആർ.പരമേശ്വരൻ, കെ.വേണു, വി.ടി.ജയദേവൻ, ഡോ. ടി.വി.സജീവ്, എ.ശ്രീധരൻ, ഡോ. എസ്.ഉഷ, കുസുമം ജോസഫ്, വിളയാടി വേണുഗോപാൽ തുടങ്ങിയ പ്രമുഖരാണ് കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഒപ്പുവച്ചത്.

error: Content is protected !!