കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; വ്യാജ വാര്‍ത്ത പ്രച്ചരിപ്പിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവ്

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയ പിന്തിരിയാന്‍ തയ്യാറായിട്ടില്ല ദിവസവും നിരവധി തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതോടെ ജനങ്ങളുടെ ഭീതി വര്‍ദ്ധിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഭീതി പരത്തുന്ന സന്ദേശമയക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുലഭിക്കാവുന്ന കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായതോടെയാണ് നീക്കം. പ്രചരിപ്പിക്കുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും വ്യാജമാണ്. സംശയത്തിന്റെ പേരില്‍ അതിക്രമത്തിന് ഒരുങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആലപ്പുഴയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് നടന്നത് കുട്ടിയുടെ കഴുത്തിലുള്ള മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞു. സംഭവങ്ങളില്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ അറിയിച്ചു. പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഭയാനകമായ ഒരവസ്ഥയും നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

error: Content is protected !!