കണ്ണൂര്‍ കൊലപാതകം ഗുരുതര ആരോപണവുമായി കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ മൂന്നുദിവസം കഴിഞ്ഞിട്ടും അറസ്റ്റില്ല. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തെങ്കിലും ആരുടേയും അറസ്റ്റു രേഖപ്പെടുത്താന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു പൊലീസ് ഭാഷ്യം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഇന്നു കണ്ണൂരിലെത്തും.

അതിനിടെ, പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം സമാപിച്ചു. കെ. സുധാകരൻ നാരങ്ങാനീരു നൽകിയാണ് സമരം അവസാനിപ്പിച്ചിച്ചത്. യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലാണ് 24 മണിക്കൂർ ഉപവാസം തുടങ്ങിയത്. ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

അതേസമയം, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വീടുകളിൽ സർവകക്ഷി സംഘം സന്ദർശനം നടത്തണമെന്ന സമാധാന ചർച്ചയിലെ തീരുമാനം പാലിക്കാനും സിപിഎം തയ്യാറായിട്ടില്ല. അക്രമം നടന്ന് ഒന്നരമണിക്കൂര്‍ കഴിഞ്ഞാണു വാഹനപരിശോധന നടത്തിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഷുഹൈബിന്‍റെ പിതാവിന്‍റെ മൊഴിയെടുക്കാന്‍ വരെ പൊലീസ് തയാറായിട്ടില്ല. പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പൊലീസ് വഴിയൊരുക്കിയെന്നും കെ. സുധാകരന്‍ ആരോപിച്ചു. സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ട് അഞ്ചുമിനിറ്റിനകം പ്രതിയെ പിടിച്ച പൊലീസാണിതെന്നും സുധാകരന്‍ തുറന്നടിച്ചു. സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതിനായി കോടതിയെ സമീപിക്കും. ശുഹൈബിനെ ജയിലില്‍ വച്ചു മര്‍ദിക്കാന്‍ സിപിഎം പദ്ധതിയിട്ടിരുന്നു. ഇതിനായി സ്പെഷല്‍ ജയിലിലേക്കു മാറ്റിയതു ഡിജിപി ഇടപെട്ടാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അക്രമങ്ങൾക്കും കൊലപാതക രാഷ്ട്രീയത്തിനും അറുതിവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന സിപിഎം നിലപാടിന്‍റെ ഉദാഹരണമാണ് മട്ടന്നൂരിലെ ഷുഹൈബ് വധമെന്ന് വി.ടി.ബല്‍റാം എംഎൽഎ പറഞ്ഞു. കേരളത്തിലെ എല്ലാ രാഷ്ട്രീയ അക്രമങ്ങളുടെയും ഒരു ഭാഗത്തു സിപിഎമ്മുണ്ട്. ഗുണ്ടായിസം സിപിഎമ്മിന്റെ പ്രവർത്തന ശൈലിയുടെ ഭാഗമാണെന്നും ബൽറാം മസ്കറ്റിൽ ആരോപിച്ചു. കണ്ണൂരിലെ പ്രവർത്തന ശൈലി ജനാധിപത്യത്തിനു ചേർന്നതാണോയെന്നു സിപിഎം പരിശോധിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.

error: Content is protected !!