പി ജയരാജന് അധികാര ഭ്രാന്ത്; കെ സുധാകരന്‍

ഷുഹൈബ് വധത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. ഇതിനിടെ പി ജയരാജനും സി പി എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കെ സുധാകരന്‍ നടത്തുന്നത്. ജയരാജന് അധികാര ഭ്രാന്താണെന്നും ജയരാജന്‍ ധരിക്കുന്നത് ഉത്തരകൊറിയയിലോ മറ്റോ ആണ് അദ്ദേഹമെന്നാണ്. കിങ് ജോങ് ഉന്നിന്റെ അനുയായി ആണ് ജയരാജന്‍. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്‍ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ് ജയരാജന്റെ നിലപാട്. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് അയാള്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ഈ അസുഖം മാറ്റാന്‍ ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ജയരാജന്‍ ഇപ്പോള്‍ ഭ്രാന്തമായ മനസിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലെങ്കില്‍ ഇന്നലെ ഇത്രയും ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും മുന്നില്‍ വെച്ച് എല്ലാം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയും? പൊലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തി പറയും എന്ന് പറയുന്നത് തിരുത്തേണ്ടതാണ്. ഇത് തിരുത്തേണ്ടത് പാര്‍ട്ടിയാണ്. ഈ ഏകാധിപത്യ പ്രവണത തടയണം. എല്ലാം തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ജയരാജന്റെ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശുഹൈബിനെ വെട്ടിയത് പരിശീലനം സിദ്ധിച്ചവരാണ്. ആകാശ് തില്ലങ്കരി കേസില്‍ ഇല്ല എന്ന് പറഞ്ഞിട്ടില്ലെന്നും വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതിനിടെ ശുഹൈബ് വധത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സുധാകരന്‍ നടത്തിവരുന്ന അനശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നു. ഇന്ന് രാവിലെ കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ചേരുന്ന യുഡിഎഫ് നേതൃയോഗം ഭാവി തീരുമാനമെടുക്കും.

error: Content is protected !!