ശുഹൈബിനെ ഇറച്ചി വെട്ടും പോലെ വെട്ടി നുറുക്കിയെന്ന് ദൃക്സാക്ഷി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്‌സാക്ഷികള്‍. നിലത്തിരുന്ന് ഇറച്ചി വെട്ടുപോലെ അക്രമികള്‍ ഷുഹൈബിനെ വെട്ടിനുറുക്കി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഷുഹൈബിനു ഇന്റര്‍നെറ്റ് കോളിലൂടെ നേരത്തെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റു ചികില്‍സയില്‍ കഴിയുന്ന ഷുഹൈബിന്റെ സുഹൃത്ത് ഇ. നൗഷാദ് പറഞ്ഞു.

ഷുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍നിന്നു ചായ കുടിക്കുമ്പോഴാണു കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ടു ഷുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേര്‍ ചേര്‍ന്നു നിരവധിത്തവണ വെട്ടി. വെട്ടിവീഴ്ത്തിയശേഷം ഒരാള്‍ ഇരുന്ന് വെട്ടി, മറ്റൊരാള്‍ കുനിഞ്ഞു നിന്നു വെട്ടി. തടഞ്ഞപ്പോള്‍ കൈയ്ക്കു വെട്ടി, ബെഞ്ച് കൊണ്ടു തടഞ്ഞതുകൊണ്ട് അരയ്ക്കു മുകളിലേക്കു വെട്ടേറ്റില്ല. ഓടിയെത്തിയ നാട്ടുകാരുടെ നേര്‍ക്കും അക്രമ സംഘം ബോംബെറിഞ്ഞു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ടു.

അതേസമയം ഷുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്നവസാനിപ്പിക്കും. എന്നാല്‍ ഇതേയാവശ്യമുന്നയിച്ച് രാവിലെ 10 മണിക്ക് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം ആരംഭിക്കും. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. എന്നാല്‍ വിവരങ്ങളൊന്നും പുറത്തുപറയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!