ഷുഹൈബ്‌ വധം; മുഖ്യമന്ത്രിയുടെ നിലപാട് അലോസരപ്പെടുത്തുന്നില്ലെന്ന് കെ.സുധാകരന്‍

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് തന്നെ അലോസരപ്പെടുത്തുന്നില്ലെന്ന് കെ.സുധാകരന്‍. ഇതെല്ലാം പ്രതീക്ഷിച്ചതാണ്. സിബിഐ അന്വേഷണം ആവാം എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുകയാണ്.

ഷുഹൈബ് വധക്കേസില്‍ കണ്ണൂര്‍ ഘടകവും സംസ്ഥാന നേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ കൊലപാതകികളേയും കൊലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളേയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. സിപിഎമ്മിന്റെ ജില്ലാ ഘടകത്തിന്റെ അറിവോടേയും ഒത്താശയോടേയുമാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്. അവരുടെ സമ്മര്‍ദ്ദം മൂലമാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്.

ഈ കേസില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കൊന്നവരെ മാത്രം പിടികൂടിയുള്ള അന്വേഷണമല്ല വേണ്ടത്, കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരേയും പിടികൂടേണ്ടതുണ്ട്. നാല്‍പ്പാടി വാസുവിനെ കൊന്നത് കെ.സുധാകരനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്നായിരുന്നു സുധാകരന്റെ മറുപടി. നാല്‍പ്പാടി വാസുവിനെ കൊന്നത് സുധാകരന്റെ ഗണ്‍മാനല്ല സുധാകാരന്‍ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്.

error: Content is protected !!