ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

ഏഴു പ്രവൃത്തി ദിനങ്ങളിലെ തിരിച്ചടിക്കുശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് 550 പോയിന്റും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 170 പോയിന്റും ഇടിഞ്ഞിരുന്നു. നിലവിൽ സെൻസെക്സ് 508.01 പോയിന്റ് ഇടിഞ്ഞ് 33,909ലാണ് വ്യാപാരം നടക്കുന്നത്. കനത്ത നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി 158.50 പോയിന്റു താഴ്ന്ന് 10,422ലാണു വ്യാപാരം. യുഎസ് വിപണിയിലുണ്ടായ തകർച്ചയും ഓഹരി വിറ്റഴിക്കലുമാണു വിപണിയെ ബാധിച്ചത്.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന നിരക്കുകള്‍ വർധിപ്പിച്ചേക്കുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്. ഡൗ ജോൺസ് സൂചികയുടെ തകർച്ചയെ തുടർന്ന ഇടിവിൽ തുടർന്ന വിപണി പതുക്കെ നിലമെച്ചപ്പെടുത്തുന്നതിനിടെയാണു വീണ്ടും തകർച്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ആഗോള വിപണിയെ ഒന്നടങ്കം നഷ്ടത്തിലാക്കി ഡൗ ജോൺസ് സൂചിക തകർന്നത്. ഇതേത്തുടർന്ന് 1000 പോയിന്റിലധികമാണു സെൻസെക്സ് തകർച്ച നേരിട്ടിരുന്നത്.

അതേസമയം, ഡൗ ജോൺസിന്റെ ഓഹരികളിലും വൻനഷ്ടമാണുണ്ടായിരിക്കുന്നത്. 1033 പോയിന്റാണ് താഴ്ന്ന് നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2008 നു ശേഷം ആദ്യത്തെ ഇടിവാണിത്. ഏഷ്യൻ മാര്‍ക്കറ്റുകളിലും വന്‍ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാൻ, ഹോങ്കോങ് എന്നിവിടങ്ങളിലും തുടർന്ന് ഇന്ത്യയിലും ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തി.

2005ൽ അവസാനിപ്പിച്ച മൂലധനനേട്ട നികുതി സംവിധാനം തിരികെക്കൊണ്ടുവന്നതാണു ഇന്ത്യൻ ഓഹരി വിപണിയിലെ നഷ്ടങ്ങൾക്കു തുടക്കം കുറിച്ചത്. ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്കു 10% നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. നിഫ്റ്റിയുടെ സ്മാൾ ക്യാപ്, മിഡ് ക്യാപ് വിപണികളെല്ലാം നഷ്ടത്തിലാണ്. ബാങ്കിങ്, ഐടി, ഓട്ടോ മേഖലയിലും ഇടിവു തുടരുകയാണ്.

error: Content is protected !!