പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; തല്‍ക്കാലം ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ തല്‍ക്കാലം ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ബാങ്ക് തട്ടിപ്പിനെതിരെ ഹര്‍ജി നല്‍കിയവരുടെ നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്ക് ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡലിനെ തട്ടിപ്പില്‍ സിബിഐ അറസ്റ്റു ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ബാങ്ക് തട്ടിപ്പില്‍ അഭിഭാഷകനായ വിനീത് ധന്‍ദ നല്‍കിയ പരാതി പരിഗണിച്ച സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

രാജ്യം കേസ് ഉറ്റുനോക്കുകയാണെന്നും കേന്ദ്രത്തിന് നോട്ടിസ് അയക്കുയെങ്കിലും ചെയ്യണമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞതാണ് ബെഞ്ചിനെ ചൊടിപ്പിച്ചത്. പബ്ലിസിറ്റിക്കു വേണ്ടിയാണോ ഹര്‍ജിയെന്ന് കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റുകള്‍ നടന്നെന്നും അറ്റോര്‍ജി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി മുന്നോട്ടു പോകാനുള്ള സാഹചര്യം വേണമെന്നും ഇതില്‍ വീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഇടപെടൂ എന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം പതിനാറിന് അറ്റോര്‍ണി ജനറലിന്റെ വാദം കേട്ട ശേഷം തുടര്‍നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

error: Content is protected !!