മധുവിന്റെ മരണം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

അടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വനം വകുപ്പുദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടങ്ങി.വനം വകുപ്പിന്‍റെ വിജിലൻസ് വിഭാഗമാണ് അട്ടപ്പാടിയിലെത്തി അന്വേഷണം തുടങ്ങിയത്. ഇതിനിടെ അറസ്റ്റിയായ പതിനാറുപേരേയും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

മധുവിനെ തല്ലിക്കൊല്ലാൻ ആള്‍ക്കൂട്ടത്തെ സഹായിച്ചവരില്‍ വനം വകുപ്പുദ്യോഗസ്ഥരുമുണ്ടെന്ന് സഹോദരി ചിന്ദ്രിക ഇന്നലെ ആരോപിച്ചിരുന്നു.‍ ഇതേ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് വനം വിജിലൻസ് കൺസര്‍വേറ്റര്‍ അട്ടപ്പാടിയിലെത്തി അന്വേഷണം തുടങ്ങിയത്. സഹോദരി പറഞ്ഞ വിനോദ് വനം വകുപ്പ് ജീവനക്കാരനല്ലെന്നും വനസംരക്ഷണ സമിതിയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന ഡ്രൈവറാണെന്നുമാണ് പ്രാഥമിക പരിശോധനയില്‍ വനം വകുപ്പിന് ബോധ്യപെട്ടിട്ടുള്ളത്. അന്വേഷണത്തിനുശേഷം ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും. മാത്രവുമല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകകേസിലും പ്രതിയായേക്കും.

ആള്‍ക്കൂട്ടം വനത്തില്‍ അതിക്രമിച്ച് കയറിയിട്ടും മധുവിനെ ക്രൂരമായി അക്രമിച്ചിട്ടും അറിയാതിരുന്ന വനം വകുപ്പിന്‍റെ വീഴ്ച്ചയും വിജിലൻസ് കൺസര്‍വേറ്റര്‍ അന്വേഷിക്കും. കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത പതിനാറ് പ്രതികളേയും ഇന്ന് പൊലീസ് കോടതിയില്‍ ഹാജരാക്കും.മണ്ണാര്‍ക്കാട്ടെ പ്രത്യേക എസ്.സി/എസ്.ടി കോടതിയിലാണ് ഉച്ചയോടെ പ്രതികളെ ഹാജരാക്കുക.

error: Content is protected !!