സഹജീവിയെ കൊല്ലാന്‍ മടിക്കാത്ത, സെൽഫിയെടുത്തുല്ലസിക്കുന്ന ആള്‍ക്കൂട്ടം അപകടകരമായ സൂചന; ടി.എം തോമസ്‌ ഐസക്

അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. സഹജീവികളെ കൊല്ലാന്‍ മടിക്കാത്ത,സെല്‍ഫി എടുത്ത് രസിക്കുന്ന ആള്‍ക്കൂട്ടം അപകടകാരികളെന്ന് ധനമനന്ത്രി. കുറ്റവാളികള്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റിസ് ആക്ട് അനുസരിച്ച് ജാമ്യമില്ലാ കേസ് എടുക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

ഫേസ് ബുക്ക്‌ പോസ്റിന്റെ പൂര്‍ണ്ണരൂപം

മധുവിന്റെ കണ്ണുകളിലെ നിസഹായതയും നിർദ്ദയരായ ആ ആൾക്കൂട്ടവും കേരളത്തെ ഏറെക്കാലം വേട്ടയാടും. പ്രബുദ്ധതയുടെയും രാഷ്ട്രീയസാക്ഷരതയുടെയും കൊട്ടിഘോഷിക്കലുകൾ നമുക്ക് അവസാനിപ്പിക്കാം. വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാൻ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങൾ സെൽഫിയെടുത്തുല്ലസിക്കുന്ന സഹജീവികൾ അപകടകരമായ സൂചനയാണ്. ഇരുകൈകളും വരിഞ്ഞുകെട്ടിയ നിലയിൽ ദയനീയമായി നിൽക്കുന്ന മധുവിന്റെ ചിത്രം രോഷവും സങ്കടവും ആത്മനിന്ദയും ഇച്ഛാഭംഗവുമാണ് സൃഷ്ടിക്കുന്നത്. ഒരുവശത്ത് മനുഷ്യാന്തസിനെ വിലമതിക്കുന്ന പ്രബുദ്ധമായൊരു ജനതയെന്ന നിലയിൽ ലോകത്തിനു മാതൃകയാകാൻ കേരളം നടത്തുന്ന ശ്രമങ്ങൾ. ആ പ്രവർത്തനങ്ങളുടെ അടിവേരു മാന്തുന്ന ഇത്തരം കൊടുംക്രൂരതകൾ മറുവശത്ത്.

അട്ടപ്പാടിയിലെ ഈ ക്രൂരത യാദൃശ്ചികമല്ല. സ്വാതന്ത്ര്യാനന്തരകാലത്ത് അവിടെ നടന്ന വികസനപ്രക്രിയയുടെ അനിവാര്യഫലം കൂടിയാണ് ഈ കൊടുംക്രൂരത. വികസന സാഹിത്യത്തിൽ അവികസനത്തിന്റെ വികസനം (Development of under development) എന്നൊരു പരികൽപ്പന ആന്ദ്രെ ഗുന്തർ ഫ്രാങ്കിനെപ്പോലുള്ള ലത്തീൻ അമേരിക്കൻ പണ്ഡിതൻമാർ എഴുപതുകളിൽ ഉയർത്തുകയുണ്ടായി. ഇതിന്റെ ഏറ്റവും നല്ല കേരളീയ ഉദാഹരണമാണ് അട്ടപ്പാടി. ആസൂത്രണത്തിന് തുടക്കം മുതൽ എത്രയോ നൂറുകണക്കിന് കോടി രൂപ കേരളത്തിലെ ഈ ഏക ഐടിഡിപി ബ്ലോക്കിൽ ചെലവഴിച്ചിട്ടുണ്ട്. ഫലം കുടിയേറ്റക്കാരുടെ വികസനവും ആദിവാസികളുടെ അവികസനവുമായിരുന്നു. അവരുടെ ഭൂമിയും കാടും നഷ്ടപ്പെട്ടു. തൊഴിൽ ഇല്ലാതായി. ഇന്നത്തെ മധുവിന്റെ അവസ്ഥയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഇതു വികസനത്തിന്റെ വിശാലമായ ചില പ്രശ്നങ്ങൾ. ഇന്നു നമ്മുടെ ശ്രദ്ധ മധുവിന്റെ നേരെയുള്ള കൊടുംക്രൂരതയിലേയ്ക്ക് തിരിയേണ്ടതുണ്ട്.

മധുവിന്റെ മരണത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് അനുസരിച്ച് ജാമ്യമില്ലാ കേസ് എടുക്കണം. ഒരു ദയയും അക്കൂട്ടർ അർഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പൊലീസിന്റെയും മറ്റുദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകണം.

അതോടൊപ്പം ആദിവാസി മേഖലയിൽ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്കു കൂടിയാണ് ഈ സംഭവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. പ്രതിസന്ധി എന്തെന്ന് സാമാന്യമായി അറിയാം. എന്നാൽ പ്രശ്നം നടപ്പാക്കുന്നതിലാണ്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഏറ്റവും നിരാശകരമായ അനുഭവം ആദിവാസി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല എന്നുളളതാണ്. കീഴ്ത്തല ആസൂത്രണത്തിലും അവർ അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് ഊരുകൂട്ടത്തിന് ആദിവാസി വികസന ഫണ്ടിന്റെ പൂർണ്ണ നിയന്ത്രണാവകാശം നൽകിക്കൊണ്ടുള്ള ചട്ടങ്ങൾക്കു രൂപം നൽകിയത്. എന്നാൽ ഇതും ഫലപ്രദമായിട്ടില്ല. ഇവിടെയാണ് നാം ഇപ്പോൾ നിൽക്കുന്നത്. ഊരുകൂട്ടങ്ങളെ ശാക്തീകരിക്കുന്നതിലാണ് പരിഹാരം.

error: Content is protected !!