ഇടതുപക്ഷം സമരം ചെയ്ത് ഇല്ലാതാക്കിയ നികുതി ബജറ്റിലൂടെ കൊണ്ടുവന്നു; പിസി ജോര്‍ജ്

സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ് എം.എല്‍.എ. 2015ലെ ഭൂനികുതി ഓര്‍ഡിനന്‍സ് ധനമന്ത്രി തോമസ് ഐസക്ക് ഈ ബജറ്റിലൂടെ പുനസ്ഥാപിച്ചുവെന്നാണ് പി.സി. ജോര്‍ജ്ജ് ആരോപിക്കുന്നത്. നിയമസഭയുടെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.സി. ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.

‘യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷം സമരം ചെയ്ത് നിര്‍ത്തലാക്കിയ നികുതിയാണിത്. ഇതാണ് ബജറ്റിലെ ഒറ്റവരി വാചകത്തിലൂടെ ഐസക്ക് പുനസ്ഥാപിച്ചിരിക്കുന്നത്. ഐസക്കിനോട് ഇതേപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് കര്‍ഷകസംഘടനകള്‍ അതിന് അനുമതി നല്‍കി എന്നാണ്’ – പി.സി. ജോര്‍ജ്ജ് പറഞ്ഞു.

കേരളത്തിലെ കൃഷിക്കാരുടെ തലമണ്ടയ്ക്കിട്ടുള്ള ഐസക്കിന്റെ അടിയായിരുന്നു ഈ ബജറ്റ്. ആ പണി മോശമായി പോയി. കര്‍ഷകന്റെ മേലുള്ള കടന്നുകയറ്റമാണത്. ഇടതുപക്ഷ നയമാണോ ഇതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയണം. റബര്‍ കര്‍ഷകര്‍ ഇവിടെയുണ്ടെന്ന് ഐസക്ക് മറന്നു പോയോ? കുരുമുളകും ചുക്കും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അവരോട് കരുണ കാണിക്കണമായിരുന്നു. ബജറ്റ് പാസാക്കുന്നതിന് മുന്‍പ് ഐസക്ക് ഇത് പുനരാലോചിക്കുമെന്ന് കരുതുന്നു. ഇലക്ട്രിസിറ്റി ജീവനക്കാരനായ ഡ്രൈവറുടെ ശമ്പളം 69000 രൂപയ്ക്ക് മുകളിലാണ്. എന്നാല്‍, അഞ്ച് ഏക്കര്‍ ഭൂമി ഉള്ളവന്‍ പതിനായിരം രൂപ ഒരു മാസം ഉണ്ടാക്കാനായി പാടുപെടുകയാണ്’ – പി.സി. ജോര്‍ജ്ജ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പുനസ്ഥാപിക്കുന്നതോടെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ വീണ്ടും വര്‍ദ്ധിക്കും. ഇപ്പോള്‍ തന്നെ കേന്ദ്രനികുതിയും സംസ്ഥാന നികുതിയും ചേര്‍ന്ന് രജിസ്‌ട്രേഷന് വലിയ തുകയാണ് ചെലവാകുന്നത്. ഈ നികുതി കൂടി വരുമ്പോള്‍ ചെലവ് വീണ്ടും വര്‍ദ്ധിക്കും. നോട്ടുനിരോധനത്തിന് ശേഷം താറുമാറായി കിടക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരം നല്‍കുന്ന നടപടിയാണിത്.

error: Content is protected !!