കാവേരി നദീജല തര്‍ക്കം; കര്‍ണാടകയ്ക്ക് കൂടുതല്‍ ജലം

കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു കേരളവും തമിഴ്നാടും കർണാടകയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി. കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധിയിൽ ഭേദഗതി വരുത്തിയ സുപ്രീംകോടതി, തമിഴ്നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കർണാടകയ്ക്ക് കൂടുതൽ ജലം അനുവദിച്ചു. 14.75 ടിഎംസി അധികജലമാണ് കർണാടകയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാടിന്റെ വിഹിതം 419 ടിഎംസിയിൽനിന്ന് 404.25 ടിഎംസിയായി കുറയും. കേരളത്തിന് മുപ്പതും പുതുച്ചേരിക്ക് ഏഴും ടിഎംസി ജലം ഉപയോഗിക്കാം. 99.8 ടിഎംസി വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി.

കാവേരിയിലെ വെള്ളത്തിന്റെ പകുതിയിലധികവും തമിഴ്‌നാടിന് അനുവദിച്ചും മാനേജ്‌മെന്റ് ബോർഡ് രൂപീകരണത്തിനു നിർദേശിച്ചും 2007 ഫ്രെബുവരിയിലാണു ട്രൈബ്യൂണൽ ഉത്തരവിട്ടത്. അതിനെതിരെ കർണാടകയും തമിഴ്‌നാടും കേരളവും നൽകിയ അപ്പീലുകളാണു ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഒരു സംസ്ഥാനത്തിനും പ്രത്യേകം അവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാനും സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.

കാവേരിയിലെ 740 ടിഎംസി ജലം തമിഴ്നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വീതിച്ചുനല്‍കിയത്. തമിഴ്നാടിന് 419, ടിഎംസിയും കര്‍ണാടകയ്ക്ക് 270, കേരളത്തിന് 30, പുതുച്ചേരിക്ക് ഏഴ് ടിഎംസി എന്നിങ്ങനെയാണ് ട്രൈബ്യൂണല്‍ അനുവദിച്ചത്.

എന്നാല്‍ 2007ലെ വിധി അംഗീകരിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളും തയാറായില്ല. തമിഴ്നാടിന് കൂടുതല്‍ ജലം ട്രൈബ്യൂണല്‍ അനുവദിച്ചുവെന്നാണ് കര്‍ണാടകയുടെ പരാതി. മാത്രമല്ല, പ്രതിദിനം 2,000 ക്യൂസെക്സ് വെള്ളം കൂടി വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടതും കര്‍ണാടക ചോദ്യംചെയ്യുന്നു. 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നു കേരളവും ആവശ്യപ്പെട്ടു. കബനി അടക്കം മൂന്നു കൈവഴികളില്‍നിന്ന് 147 ടിഎംസി ജലം കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.

error: Content is protected !!