ഷുഹൈബ്‌ വധം; കെ സുധാകരന്‍ സമരമവസാനിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റുന്നു.

48 മണിക്കൂര്‍ സമരമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഷുഹൈബിന്‍റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരത്തിന് സുധാകരന്‍ ഒരുങ്ങിയത്.

അതേസമയം, ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊലപ്പെടുത്തിയ ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന കോടതി ചോദിച്ചു. എന്‍റെ മുന്നിലിരിക്കുന്ന ഫയലില്‍ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ചിത്രങ്ങളാണ് ഉള്ളത് ഇത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്ന് കണ്ണൂര്‍ എസ്പിക്ക് പറയേണ്ടി വന്ന സാഹചര്യം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാറിന്‍റെയും സിബിഐയുടെയും വിശദീകരണത്തിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റി. സമാധാന യോഗത്തില്‍ നിയമമന്ത്രി നല്‍കിയ വാഗ്ധാനമടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിചിരിക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് നടന്നത്. സിപിഎം നേതാക്കളോടൊപ്പം പ്രതികള്‍ ചിരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്കൂള്‍ കുട്ടിയോട് സെല്‍ഫിയെടുക്കാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി കൊലയാളികളോടൊപ്പം ഫോട്ടോയെടുത്തത് കാണാം.

നേരത്തെ നിയമമന്ത്രി സിബിഐ അന്വേഷണം ഉറപ്പുനല്‍കിയതാണ്. എന്നാല്‍ സിപിഎം സമ്മേളനത്തിന് ശേഷം നിയമസഭയില്‍ അത് അട്ടിമറിക്കപ്പെട്ടു. ഇതിനാല്‍ കേസ് കാര്യക്ഷമമായി നടക്കണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

error: Content is protected !!