മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു; ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’

‘അഡാര്‍ ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന് പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ വിമര്‍ശനം ജോയി മാത്യു അറിയിച്ചത്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ജോയി മാത്യുവിന്റെ വിമര്‍ശം. ഒരു ചെറുപ്പക്കാരനെ നടുറോഡിലിട്ട് ദാരുണമായി വെട്ടികൊലപ്പെടുത്തിയ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിനുവേണ്ടി വാദിച്ച പിണറായിയുടെ നിലപാടാണ് ജോയി മാത്യു തന്റെ കുറിപ്പില്‍ ചോദ്യം ചെയ്യുന്നത്.

സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണതയാണ് ഗാനത്തിനെതിരായി ഉയരുന്ന ആരോപണങ്ങള്‍ക്ക് കാരണമെന്നും ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല എന്നും പിണറായി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിനായി വാദിച്ച മുഖ്യന്‍ കൊലപാതികളെ പിടികൂടാതെ അവരുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന് ചുക്കാന്‍ പിടിക്കുകയാണോ എന്നും ജോയി മാത്യു ചോദിക്കുന്നു.

ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നമുക്ക്‌ വേണ്ടത്‌ മാണിക്യ
മലരോ അതോ
മനുഷ്യകുരുതിയോ?
—————————-
ഒരു സിനിമയിലെ പാട്ട്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ്‌ മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ
സുഹൈബ്‌ എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ
കൊലയാളികൾക്കും
ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന്
സമ്മതിക്കുകയാണോ?

error: Content is protected !!