കെ എസ് യു- സിപിഎം സംഘര്‍ഷം; ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ആലപ്പുഴ: ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു- സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു. ആലപ്പുഴ നഗരപരിധിയില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താലിന് കോണ്‍ഗ്രസും സി.പി.എമ്മും ആഹ്വാനം ചെയ്തിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്കിടെ സിപിഎം പ്രവർത്തകരുമായി സംഘട്ടനം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇരു പാർട്ടികളും ഹർത്താൽ പ്രഖ്യാപിച്ചത്. അതേസമയം സംഭവത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. സംഘം ചേർന്നു കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസുകൾ.

കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ വെള്ളക്കിണര്‍ ജംഗ്ഷനിലെ സി.പി.എം കൊടി-തോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയതോടെ പിന്നീട് തെരുവ് യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. രാത്രി ഏറെ വൈകിയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

സി.പി.എമ്മും കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആലപ്പുഴയില്‍ പൂര്‍ണ്ണമാണ്. സ്വകാര്യ ബസ് സമരം കൂടി നടക്കുന്നതിനാല്‍ റോഡുകള്‍ ഏറെക്കുറെ വിജനമാണ്.

error: Content is protected !!