പുലിയെ കണ്ടെന്ന് അഭ്യൂഹം; പട്ടിപ്പുലിയെന്ന് വനംവകുപ്പ്

കണ്ണാടിപ്പറമ്പ്: നിടുവാട്ട് മൈതാനപ്പള്ളി ഭാഗങ്ങളിൽ കണ്ടത് പുലിയല്ലെന്നും പട്ടിപ്പുലി ഇനത്തിൽപെട്ട ജീവിയാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ പുലൂപ്പിയിൽ നിന്നു നാറാത്തേക്കു ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേരാണ് മൈതാനപ്പള്ളിക്കു സമീപം പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത്. പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ഭീതിയിലായ നാട്ടുകാർ മയ്യിൽ പൊലീസിലും വനംവകുപ്പിലും വിവരം അറിയിച്ചു. തുടർന്ന് രാത്രി നാട്ടുകാരും മയ്യിൽ എസ്ഐ ടി.പി.മുരളീധരന്റെ നേതൃത്വത്തിൽ പൊലീസും തിരച്ചിൽ നടത്തിയിരുന്നു.

ഇന്നലെ രാവിലെ തളിപ്പറമ്പ് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.സുധീഷ്കുമാർ, കെ.പ്രദീപൻ, കെ.ഷാജി, പി.സത്യൻ എന്നിവരുടെ നേതൃത്വത്തിൽ പരിസരങ്ങളിൽ കണ്ട കാൽപാടുകളിൽ നടത്തിയ പരിശോധനയിലാണ് പുലിയല്ല പട്ടിപ്പുലിയാണെന്നു സ്ഥിരീകരിച്ചത്. നായ്ക്കളെയും ആട്ടിൻകുഞ്ഞുങ്ങളെയും ഭക്ഷിക്കുന്ന പട്ടിപ്പുലികൾ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും അധികൃതർ അറിയിച്ചു. ഇതോടെ ഒരു രാത്രി മുഴുവൻ ഭീതിയുടെ മുൾമുനയിൽ കഴിഞ്ഞ നാട്ടുകാരുടെ ഭീതി വിട്ടൊഴിഞ്ഞു.

error: Content is protected !!