കേരള ബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി; മുഖ്യമന്ത്രി

കണ്ണൂര്‍: കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബാങ്ക് വരുന്നതോടെ ദ്വിതല സംവിധാനത്തിലേക്ക് സഹകരണ മേഖലമാറും. ഇതുമായി ബന്ധപ്പെട്ട് നല്ല പുരോഗതിയാണ് ഇപ്പോള്‍ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.     

പൊതുജനങ്ങളര്‍പ്പിക്കുന്ന വിശ്വാസ്യതയാണ് സഹകരണ മേഖലയിലെ ഏറ്റവും വലിയ മൂലധനം. സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരളത്തില്‍ ഏറ്റവും താങ്ങായി നില്‍ക്കുന്ന വായ്പാ സംഘങ്ങളാണ് സഹകരണ മേഖലയിലുള്ളത്. ആയിരക്കണക്കിനാളുകള്‍ നിത്യേന ഇടപാട് നടത്തുന്ന സ്ഥാപനത്തെ കേവലം ഒരു വ്യക്തിയുടെ സ്ഥാനത്തേക്ക് അവരോധിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. നോട്ട് നിരോധനം പോലുള്ള നടപടികള്‍ സഹകരണ മേഖലയെ വലീയതോതില്‍ പിറകോട്ടടിപ്പിക്കുന്ന സമീപനമായി. കേരളത്തില്‍ 558 സഹകരണ സ്ഥാപനങ്ങളാണ് ഇതുവന്നപ്പോള്‍ നഷ്ടത്തിലായി. 30 എണ്ണം പൂട്ടിയില്ല, പൂട്ടിയതുപോലെയായി. 34 എണ്ണം ലിക്വിഡേഷന്റെ വക്കില്‍ എത്തിനില്‍ക്കുന്നു. കേരളത്തിലെ ഒന്നര ലക്ഷം കോടി നിക്ഷേപം നിലനില്‍ക്കുന്ന മേഖലയെ വലിയതോതില്‍ പിറകോട്ടടിപ്പിക്കുവാനും തകര്‍ക്കുവാനും ബോധപൂര്‍വ്വമായ ശ്രമമുണ്ടായി. നേരത്തെ ശക്തമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കയര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.     

ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇ. ചന്ദ്രശേഖരന്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ഡോ. ചന്ദ്രപാല്‍ സിംഗ് യാദവ് എം.പി, മേയര്‍ ഇ.പി.ലത പി.കെ.ശ്രീമതി എം.പി,  സംസ്ഥാന സഹകരണ യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, നേതാക്കളായ കാനം രാജേന്ദ്രന്‍, പി.ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!