പഞ്ചാബ് നാഷനല്‍ ബാങ്കിന് പിന്നാലെ സിറ്റി യൂണിയന്‍ ബാങ്കിലും തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റി യൂണിയന്‍ ബാങ്കിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സിഫ്റ്റ് പ്ലാറ്റ്ഫോം വഴി 12.8 കോടി രൂപയാണ് സിറ്റി യൂണിയന്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തിരിക്കുന്നത്. പിഎന്‍ബിയില്‍ നടന്നത് പോലെ തന്നെ ബാങ്കില്‍ നിന്നും നേരിട്ടുള്ള പിന്‍വലിക്കലുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല.

ഫെബ്രുവരി ഏഴിന് മൂന്ന് വ്യാജ ഇടപാടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് പണം നല്‍കരുതെന്ന് ഇടപാടിലെ അനുബന്ധ ബാങ്കിനോട് ആവശ്യപ്പെട്ടതായും യൂണിയന്‍ ബാങ്ക് അറിയിച്ചു. ഈ മൂന്ന് ഇടപാടുകളില്‍ ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്കിലേക്ക് അയച്ച അഞ്ച് ലക്ഷം ഡോളറിന്റെ ഒരു ഇടപാട് റദ്ദാക്കിയതായി സിറ്റി യൂണിയന്‍ ബാങ്ക് അറിയിച്ചു.

ഫ്രാങ്ക്ഫ്രട്ടിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേട് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷം യൂറോയും ചൈന ആസ്ഥാനമായ ഒരു ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയിലേക്ക് പത്ത് ലക്ഷം ഡോളറും ബാങ്കില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഇത് തിരിച്ച് പിടിക്കുന്നതിനായി തുര്‍ക്കി, ചൈന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് നീരവ് മോദി 11,400 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഏഴ് വര്‍ഷം കൊണ്ടു നടത്തിയ തട്ടിപ്പിനൊടുവില്‍ നീരവ് മോദി രാജ്യം വിടുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് സിറ്റി യൂണിയന്‍ ബാങ്കിലെ തട്ടിപ്പും പുറത്തു വന്നത്.

error: Content is protected !!