ആരോഗ്യമന്ത്രിയുടേത് ആരാന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമെന്ന്,ചെന്നിത്തല

രാജ്യത്ത് ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് യുഡിഎഫ് സർക്കാർ കൈവരിച്ച നേട്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് തയാറാക്കിയ റിപ്പോർട്ട് യുഡിഎഫ് സർക്കാരിനുള്ള അംഗീകാരമാണ്. എന്നാൽ, ഇത് ഇടതു സർക്കാരിന്‍റെ നേട്ടമായി ചിത്രീകരിച്ച് ആരാന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ഫേസ് ബുക്ക്‌ പോസ്റിന്‍റെ പൂര്‍ണരൂപം

രാജ്യത്ത് ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് യുഡിഎഫ് കാലത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തിന് നൽകിയ ഗുഡ് സർട്ടിഫിക്കറ്റാണ്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന കെ.കെ.ഷൈലജ ടീച്ചറുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്‌.

2014 -15 വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി എടുത്ത് 2015-16 വര്‍ഷത്തെ വിലയിരുത്തിയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ കാലയളവില്‍ സംസ്ഥാനം ഭരിച്ചിരുന്നത് ഇടതു സര്‍ക്കാരല്ല, യു.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടമാണ് നീതിആയോഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ഇത് ഇടതു സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് ആരാന്റെ കുഞ്ഞിനെ തട്ടിയെടുക്കാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമം.

ഇടതു സര്‍ക്കാര്‍ ആരോഗ്യ പരിപാലന രംഗത്ത് തികഞ്ഞ പരാജമാണെന്നത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ആയിരത്തോളം പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചത്. പനി നിയന്ത്രിക്കുന്നതിന് ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആരോഗ്യ രംഗത്തെ മറ്റു പ്രവര്‍ത്തനങ്ങളിലും സംസ്ഥാനം പിന്നാക്കം പോവുകയാണുണ്ടായത്. യു.ഡി.എഫ് സമയത്തെ നേട്ടം തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അപഹാസ്യമാണ്‌.

error: Content is protected !!