കൃഷിഭൂമിയില്‍ ഒരു പോലീസ് വീരഗാഥ..

പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം? പൊന്നുവിളയുന്ന പാടത്ത് പോലിസിനെന്താണ് കാര്യം. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറഞ്ഞ് ആദ്യത്തെ ചോദ്യത്തെ നമുക്ക് ഒഴിവാക്കാം. പക്ഷേ പോന്നുവിളഞ്ഞിടത്ത് പോലീസിനു കാര്യമായ കാര്യം ഉണ്ട്. ഇതാണ് ചക്കരക്കല്‍ പോലീസിന്റെ ഏറ്റവും പുതിയ ജനകീയ ഇടപെടല്‍. കണ്ണൂരിലെ കുടിക്കിമൊട്ട മുതൽ മുണ്ടേരി ചാപ്പ വരെയുള്ള 77 ഏക്കർ നെൽകൃഷിയുടെ ഉടയോന്‍ ഈ സ്റെഷനിലെ കാക്കിക്കുള്ളിലെ കര്‍ഷകരാണ്.

ചക്കരക്കല്‍ സ്റെഷനിലെ 42 പോലീസുകാരും തങ്ങളുടെ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ സമയം കണ്ടെത്തി കൃഷിയുടെ ഭാഗമാകുകയായിരുന്നു. എസ് ഐ ബിജുവിന്റെ പൂര്‍ണസമയ മേല്‍നോട്ടവും നിര്‍ദേശങ്ങളും ഇവര്‍ക്കൊപ്പം സ്ഥിരസാന്നിധ്യമായി. ഒന്നരവര്‍ഷം മുന്പ് ആണ് ചക്കരക്കല്‍ പോലീസ് വ്യത്യസ്ഥ വഴിയിലൂടെ നിയമപാലനം നടത്താന്‍ തുടങ്ങിയത്. കൃഷിയും, കായികവും,പഠനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുവാക്കളെ വ്യാപ്രതരാക്കി അവരെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റുക ആയിരുന്നു ലക്‌ഷ്യം.

എട്ട് വർഷത്തോളമായി തരിശ്ശായി കാടുമൂടി കിടന്ന വയലിൽ നെൽക്കൃഷിയിറക്കാൻ ചക്കരക്കൽ പോലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. ലാത്തിയും തോക്കും പിടിച്ച കൈകളില്‍ തൂമ്പയും കൊയ്തരിവാളും ഭദ്രമായിരുന്നു. 3 ഏക്കർ വയലിൽ പൂര്‍ണമായും പോലീസ് കൃഷിയാണ് വിളഞ്ഞുനില്‍ക്കുന്നത്. പോലീസുകാര്‍ കൃഷിക്കിറങ്ങിയപ്പോള്‍ നാട്ടുകാരും പൂര്‍ണപിന്തുണയുമായി എത്തി.പ്രായഭേദമന്യേ ഒരു ജനത മുഴുവന്‍ ഈ കൂട്ടുകൃഷിയുടെ ഭാഗമായി. കൃഷി വകുപ്പും എല്ലാവിധ പിന്തുണയുമായെത്തി. പിന്നെ കൂട്ടായ്മയില്‍ നിന്നും നൂറുമേനി വിളയുകയായിരുന്നു.

കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഈ നെല്‍വയല്‍ ഇന്ന് കേരളത്തിന്‌ മുന്നില്‍ മറ്റൊരു മാതൃക കൂടി കാട്ടുകയാണ്. പോലീസിന്റെ ജനകീയ ഇടപെടല്‍ എങ്ങനെയൊക്കെ ആവാം എന്ന ഒരു നല്ല മാതൃക. സമൂഹത്തിന്റെ പൊതു,സാംസ്കാരിക,മണ്ഡലങ്ങളില്‍ എവിടെയൊക്കെ എങ്ങനെയൊക്കെ പോലീസിന് ഇടപെടാം എന്ന് ചക്കരക്കല്ലിന്റെ ആക്ഷന്‍ ഹീറോ ബിജുവും സഹപ്രവര്‍ത്തകരും വീണ്ടും തെളിയിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കൊയ്തുത്സവം അക്ഷരാര്‍ത്ഥത്തില്‍ നാട്ടുല്‍സവമായി മാറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടുകൂടി ശ്രദ്ദേയമാവുകയായിരുന്നു ഈ ജനകീയ സംരംഭം

error: Content is protected !!