സ്വകാര്യ ബസ് സമരം; ബസ്സുകള്‍ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് ജനങ്ങളെ വലച്ചു കൊണ്ട് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ കര്‍ശന നടപടിയുയയി സര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് ബസ് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗതാഗത സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിലേക്ക് കടക്കുന്നില്ല എന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ബസുടമകള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഫെഡറേഷനിലെ അഞ്ചു സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുമെന്നാണ് സൂചന. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

നാളെ ഗതാഗതമന്ത്രി മുഖ്യമന്ത്രിയെക്കണ്ട് പ്രതിസന്ധി നേരിട്ട് ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സ്വകാര്യ ബസുടമകളും അനുമതി തേടിയിട്ടുണ്ട്.

error: Content is protected !!