ബസ് പണിമുടക്ക് : ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച

സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ചർച്ച. നേരത്തെ, ബസുടമകൾ സമരം പ്രഖ്യാപിച്ചതിനേത്തുടർന്ന് യാത്രാനിരക്ക് സർക്കാർ വർധിപ്പിച്ചിരുന്നു. മിനിമം ചാർജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്.

എന്നാൽ, ഇത് അപാര്യപ്തമാണെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബസുടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുകയായിരുന്നു. ഞായറാഴ്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ സമരക്കാരുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.

വിദ്യാർഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിക്കുകയായിരുന്നു.

അതേസമയം, ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്തുവന്നാലും വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കില്ലെന്നും മന്ത്രി ആവർത്തിച്ചു.

ഇതിനു പിന്നാലെ ബസുകളുടെ പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകാനും സർക്കാർ തീരുമാനിച്ചു. തൃപ്തികരമായ മറുപടികളല്ല സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്നാണ് വിവരം.

ഇതിനിടെയാണ്, സമരത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നാം വട്ട ചർച്ചകൾ നടക്കുന്നത്.

error: Content is protected !!