ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ബസ്സുടമകള്‍ക്കനുകൂലമായ തീരുമാനവുമായി സര്‍ക്കാര്‍. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

കഴിഞ്ഞ ദിവസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാര്‍ജ്് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നാലുവര്‍ഷം മുമ്പാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടിയാലും വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടിയില്ലെങ്കില്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

error: Content is protected !!