ബസ് നിരക്കു വർധനയ്ക്ക് അനുമതി

ബസ് നിരക്കു വർധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി. മിനിമം ചാര്‍ജ് എട്ടു രൂപയാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. വിദ്യാർഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വർധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അടിയന്തര യോഗം ചേർന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽ നിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽ നിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

നിരക്കു വർധനയിന്മേൽ ഉചിതമായ തീരുമാനമെടുക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിനോടു നിർദേശിച്ചിരിക്കുന്നത്. എല്ലാ കാര്യത്തിലും നിലവിലുള്ള സാഹചര്യം പരിശോധിച്ചു തീരുമാനമെടുക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.

മിനിമം ബസ് ചാർജ് ഏഴു രൂപയിൽനിന്ന് എട്ടാക്കി ഉയർത്തണമെന്നാണു ജസ്റ്റിസ് രാമചന്ദ്രൻ സമിതിയുടെ ശുപാർശ. മറ്റു നിരക്കുകളിൽ 10% വരെ വർധന വരുത്തണം. എന്നാൽ, മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണു ബസ് ഉടമകളുടെ ആവശ്യം.

ഈയാഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം ബുധനാഴ്ചയ്ക്കു പകരം ചിലപ്പോൾ വ്യാഴാഴ്ചയാവും ചേരുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ബസ് നിരക്കു വർധനയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും.

error: Content is protected !!