ബസ്‌ ചാര്‍ജ് വര്‍ധനയ്ക്കെതിരെ രമേശ്‌ ചെന്നിത്തല

ബസ് യാത്രാക്കൂലി വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ധിപ്പിക്കുകയും എന്നിട്ട് വില വര്‍ധിച്ചു എന്ന കാരണം പറഞ്ഞു യാത്രക്കൂലി കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന് സാധാരണ ജനങ്ങള്‍ പിഴ നല്‍കേണ്ടി വന്നിരിക്കുന്നു. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് യാത്രക്കൂലി വര്‍ധനവ് കനത്ത പ്രഹരമാണ് നല്‍കുക. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സാധാരണ യാത്രാ നിരക്ക് വര്‍ധിപ്പിക്കുമ്പോഴൊക്കെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകുകയാണ് ചെയ്യുന്നത്. അതിനുള്ള സന്മനസ് പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ജനദ്രോഹം മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബസ് ചാര്‍ജ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിപ്പിക്കുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്ളാബ് അടിസ്ഥാനത്തില്‍ നേരിയ വര്‍ധനയുണ്ടാകും

പക്ഷേ, നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

error: Content is protected !!