കേന്ദ്ര ബജറ്റിനെതിരെ ബി.എം.എസ് പ്രക്ഷോഭത്തിന്; ബജറ്റ് തൊഴിലാളി വിരുദ്ധം

അരുണ്‍ ജയ്റ്റലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനതെിരെ ബിജെപി ട്രേഡ് യൂണിയന്‍ രംഗത്ത്. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിഎംഎസിന്റെ പ്രതിഷേധം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കടുത്ത പ്രതിരോധത്തിലാക്കി,ഒപ്പം ബജറ്റിനെ കൊട്ടിഘോഷിച്ച കേന്ദ്ര സര്‍ക്കാരിന് നാണക്കേടും.

ആരോഗ്യം ,കാര്‍ഷികം തുടങ്ങി ചില മേഖലകള്‍ക്ക് ബജറ്റ് നല്‍കിയ പ്രാധാന്യം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ, അംഗണവാടി ജീവനക്കാരെയും, ആശാ വര്‍ക്കര്‍മാരേയും പൂര്‍ണമായി അവഗണിച്ചെന്ന് ബിഎംഎസ് അധ്യക്ഷന്‍ സികെ സജി നാരായണന്‍ പറഞ്ഞു. സാമൂഹിക ക്ഷേമ പദ്ധതികളുടെ നട്ടെല്ലായ ഇവര്‍ക്ക് ഇപ്പോഴും കിട്ടുന്നത് തുച്ഛമായ വരുമാനമാണ്.

നികുതി വരുമാനത്തിലുണ്ടായ വര്‍ധനയും,ഡിജിറ്റല്‍ പണമിടപാടിന്റെയും ജിഎസ്ടി യുടേയുമൊക്കെ പ്രവേശനവും സാധാരണക്കാരന് ഒരു പ്രയോജനം ചെയ്തില്ല. വനിതാ ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെ അനുകൂലിക്കാന്‍ ബിഎംഎസിനാകില്ലെന്നും അദ്ധ്യക്ഷന്‍ വ്യക്തമാക്കി. ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ ഈ മാസം 20ന് രാജ്യത്താകമാനം കരിദിനം ആചരിക്കാന്‍ ബിഎംഎസ് ആഹ്വാനം ചെയ്തു. കറുത്ത ബാഡ്ജുകള്‍ ധരിച്ച് മാത്രമേ അന്ന് തൊഴില്‍ ചെയ്യാന്‍ പാടുളളൂ എന്നാണ് നിര്‍ദ്ദേശം.

ബജറ്റിലെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ ഒഴിവാക്കിയാലേ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങൂ എന്ന കടുത്ത നിലപാടിലാണ് ബിഎംഎസ്. ഇതോടെ കേന്ദ്രസര്‍ക്കാരും ജയ്റ്റ്‌ലിയും ഒരു പോലെ പ്രതിരോധത്തിലായി. പ്രതിപക്ഷത്ത് നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പുറമേ ഭരണപക്ഷത്ത് നിന്ന് തന്നെ വരുന്ന വെല്ലുവിളികളെ അനുനയിപ്പിക്കാനുളള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

error: Content is protected !!