മധുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എം.ടി രമേശ്‌

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും രമേശ് പറഞ്ഞു. മധുവിന്റെ ക്രൂരമായ കൊലപാതകത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വനവാസികളുടെ ജീവിതാവസ്ഥ വ്യക്തമാക്കുന്നതാണ് മധുവിന്റെ കൊലപാതകം. ആദിവാസി വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണ് നടന്നിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എ കെ ബാലന്‍ രാജിവെക്കണം. മധുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദമമേറ്റുവാങ്ങുമ്പോള്‍ വെള്ളം ചോദിച്ചിട്ടും വെള്ളം നല്‍കേണ്ടെന്ന് പറഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. അതിനാല്‍ കുറ്റക്കാരായ വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.

സംഭവം കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരാളും തന്നെ അട്ടപ്പാടി സന്ദര്‍ശിക്കാന്‍ തയാറായിട്ടില്ല. പോലീസും സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് മധുവിന്റെ മൃതദേഹം തൃശൂരിലെത്തിച്ചത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനാണിത്. ഇത് കേരളത്തിന് അങ്ങേയറ്റം മാനക്കേടാണെന്നും എം.ടി രമേശ് പറഞ്ഞു

error: Content is protected !!