ബിനോയ് കോടിയേരിയുടെ ചെക്കുകേസ് ഒത്തുതീർന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ ചെക്കുകേസ് ഒത്തുതീർന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണു കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മർസൂഖിയുടെ പ്രതികരണവും വന്നു.

ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു. ബിനോയ് നൽകാനുള്ള 1.72 കോടി രൂപ നൽകാൻ തയാറാണെന്നു വ്യവസായി സുഹൃത്തുക്കൾ മർസൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ, രണ്ടു കേസുകൾ കൂടി ദുബായ് കോടതിയിൽ ബിനോയിക്കെതിരെയുണ്ട്.

സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നു പറയുന്നത്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്.

കാസർകോട് സ്വദേശിയായ വ്യവസായിയാണു പണം നൽകിയതെന്നു റിപ്പോർട്ടുണ്ട്. ഇദ്ദേഹം ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ്. ശേഷിക്കുന്ന 20 ലക്ഷം ദിർഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ കൂടി ബിനോയിക്കെതിരെ ദുബായ് കോടതിയിൽ കമ്പനി നൽകുമെന്നാണു പറയുന്നത്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കും 49 ശതമാനം മലയാളിയായ രാഖുൽ കൃഷ്ണയ്ക്കുമാണ്.

കാര്യങ്ങൾ നോക്കി നടത്തിയിരുന്ന രാഖുൽ കമ്പനിയുടെ പേരിൽ വായ്പയെടുത്താണു ബിനോയിക്കു നൽകിയത്. എന്നാൽ, പണം തിരികെ കിട്ടാതെ വന്നതോടെ മർസൂഖി നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നൽകാനുണ്ടെന്നാണു കമ്പനി പറയുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുൻപു പ്രശ്നം അവസാനിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയിൽ നടന്നത്.

error: Content is protected !!