മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തന്‍

ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു.

അതേസമയം, കേസ് ഒത്തുതീർപ്പാക്കരുതെന്ന സ്വകാര്യ ഹർജി കോടതി തള്ളിക്കളയുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ഹർജി മഹാലക്ഷ്മി എന്ന പേരിൽ എത്തിയത്. എന്നാൽ ഹർജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ ചാനൽ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം ഒരു ടിവി ചാനലാണു പുറത്തുവിട്ടത്. ആരോപണമുയർന്നയുടൻ ധാർമികത ഉയർത്തിക്കാട്ടി ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.

തുടർന്ന് ചാനൽ മനഃപൂർവം ഒരുക്കിയ കെണിയിൽ കുടുങ്ങുകയായിരുന്നു ശശീന്ദ്രനെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചാനൽ മേധാവിയടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

error: Content is protected !!