മോഹന്‍ലാല്‍ ആര്‍ എസ് എസിനോട് അടുക്കുന്നു

മോഹന്‍ലാല്‍ ബി ജെ പി യുമായി അടുക്കുന്നുവെന്നതിന് കൂടുതല്‍ സ്ഥിരീകരണം. ആര്‍ എസ് എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആര്‍എസ്എസ് കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വിശ്വശാന്തി ട്രസ്റ്റ്. ഇതിന്റെ പ്രധാനികളെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്.

ആലുവയിലായിരുന്നു മോഹന്‍ലാല്‍ കൂടി പങ്കെടുത്ത യോഗം നടന്നത്. ആര്‍എസ്എസ് സംഘ്ചാലക് പിഇബി മേനോന്റെ വീട്ടിലായിരുന്നു യോഗം. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

അറിയപ്പെടുന്ന ആര്‍എസ്എസ് അനുകൂലിയായ മേജര്‍ രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും വലതുപാളയത്തിലേക്ക് എത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയില്‍നിന്നുള്ള ആളുകളെ പാര്‍ട്ടിയുടെ തണലിലേക്ക് അടുപ്പിക്കുന്നത്.

error: Content is protected !!