സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

സര്‍ക്കാര്‍ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കല്ലേകാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യ ദിനത്തില്‍ മോഹന്‍ ഭാഗവത് പാലക്കാട് മുത്താംന്തറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പതാക ഉയര്‍ത്തുന്നതില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കികൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സൂചിപ്പിച്ച് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ ആരാണ് പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

പിണറായി സര്‍ക്കാര്‍ എന്തു നിയമം കൊണ്ടു വന്നാലും റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭാഗവത് തന്നെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും ആര്‍.എസ്.എസ്. പേടിച്ച് പിന്‍മാറാന്‍ കോണ്‍ഗ്രസല്ലന്നും ആര്‍.എസ്.എസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് പാലക്കാട്ട് എത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ് മേധാവി, അവിടെ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുന്നത് പതിവാണെന്നും ഇത്തവണയും ആ രീതിക്ക് മാറ്റമുണ്ടാകില്ലെന്നും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് മാനിക്കാതെയാണ് ഭാഗവത് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്.

error: Content is protected !!