മലപ്പുറത്തെ കണ്ണൂരാക്കാന്‍ സി.പി.എം ശ്രമിക്കുന്നെന്ന് പ്രതിപക്ഷം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ലീഗ് എം.എല്‍.എ എം. ഉമ്മറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ദിവസം പൊലീസ് അക്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഘര്‍ഷം തുടങ്ങിയത് യൂത്ത് ലീഗാണെന്നും പൊലീസ് നിയമപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

മലപ്പുറത്തെ കണ്ണൂരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുവെന്ന് എം ഉമ്മര്‍ ആരോപിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ലീഗ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പൊലീസ് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സി.പി.എം പാര്‍ട്ടി ഓഫീസിലാണ് പ്രതികളെ ഒളിപ്പിച്ചത്. ഭരണത്തിന്റെ തണലില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം വ്യാപകമായ അക്രമം മലപ്പുറത്ത് നടത്തുന്നു. ബോധപൂര്‍വ്വമായി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും എം. ഉമ്മര്‍ ആരോപിച്ചു.

എന്നാല്‍ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ ക്യാന്റീന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കയറി എല്ലാവരെയും തല്ലിച്ചതച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. അതിന് ശേഷം പോളിടെകിനിക്കിലെ വിദ്യാര്‍ത്ഥികളാണ് ലീഗ് ഓഫിസ് ആക്രമിച്ചത്. ഇതൊരു സ്വാഭാവിക പ്രതികരണമെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ട് സംഭവങ്ങളും അപലപനീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പൊലീസിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. സമാധാനമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസെന്നും ഒരിടത്തും സംഘര്‍ഷം വ്യാപിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയില്‍ നിന്നുണ്ടായി. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ മറ്റൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

error: Content is protected !!