ജസ്റ്റിസ് ലോയയുടെ മകന്‍റെ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത് അമിത് ഷായോ?

അച്ഛന്‍റെ മരണത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ലോയയുടെ മകന്‍ അനൂജ് ലോയ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനുപിന്നില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. മുംബൈയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ നായിക് ആന്‍സ് നായികിലാണ് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സഹോദരന്‍ പ്രതീക് ഭണ്ഡാരിയും അഭിഭാഷകനായ അമീത് ബി നായികും ,മുന്‍ ജില്ലാ ജഡ്ജിയും ജസ്റ്റിസ് ലോയയുടെ സുഹൃത്തുമായ കെ ബി ഖട്ടക് എന്നിവരാണ് അനൂജിനോപ്പം വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നത്.

വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് ഇത് സംഘടിപ്പിച്ചതിന് പിന്നില്‍ അമിത് ഷായെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നത്. അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന വേളയിലാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെടുന്നത്. വിചാരണ വേളയില്‍ ലോയയുടെ അപ്രതീക്ഷിത മരണത്തിനു പിന്നില്‍ അമിത് ഷായാണെന്ന ആരോപണം അന്ന് മുതല്‍ ഉയര്‍ന്നു വന്നിരുന്നു.

ന്യൂസ്‌ലോണ്ടറി ലേഖകനായ ജാസ് ഒബ്‌റോയിയാണ് വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ അമിത് ഷായല്ലേയെന്ന ചോദ്യമുയര്‍ത്തി ആദ്യം രംഗത്തുവന്നത്. എബിപി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളും ഇതിന് തെളിവായി ഇദ്ദേഹം നല്‍കുന്നു.
ഇതേ ആരോപണം ഉന്നയിച്ച് പ്രശാന്ത് ഭൂഷണ്‍ ഗൗരവ് പാന്തി എന്നിവരും തുടര്‍ന്ന് രംഗത്തുവന്നിരുന്നു.

എബിപി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ അമിത് ഷായുടെ പേര് പറയുന്നുണ്ടെന്നാണ് ആരോപണവുമായി രംഗത്തുവന്നവര്‍ പറയുന്നത്.അതേസമയം അങ്ങനെ അമിത് ഷായുടെ പേര് പറയുന്നുണ്ടെങ്കില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ അത് വാര്‍ത്ത നല്‍കുകയില്ലേ എന്ന മറുചോദ്യവും ചിലര്‍ ഉന്നയിക്കുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ തന്നെ ജസ്റ്റിസ് ഖട്ടക് പറയുന്നത് അമിത് ഷായുടെ പേരല്ല, വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച അഭിഭാഷകനായ അമിത് നായികിനെ സൂചിപ്പിച്ചതാണെന്ന വാദവുമായി രംഗത്തുവന്നു.

എന്തായാലും ജസ്റ്റിസ് ലോയയുടെ ആകസ്മിക മരണം വരുത്തിവച്ച വിവാദങ്ങള്‍ ഉത്തരേന്ത്യയില്‍ കത്തിപ്പടരകുയാണ്. വിവാദങ്ങളെല്ലാം ചെന്നവസാനിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായിലുമാണ്. സുപ്രീംകോടതിയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിക്കുള്ള ഒരു കാരണം സൊറാബുദ്ദീന്‍ വധക്കേസുമായും ജസ്റ്റിസ് ലോയയും മരണവുമായിരുന്നു. ആ പ്രതിസന്ധിക്ക് പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ചിന്തിക്കേണ്ട കാര്യമാണ്.

error: Content is protected !!