ഭരണഘടന കോടതിക്ക് പരമാധികാരം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീം കോടതിയല്ല പരമോന്നത കോടതിയെന്ന പ്രസ്താവനയുമായി ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ഭരണഘടന പരമാധികാരം സുപ്രീം കോടതിക്ക് വിഭാവനം ചെയ്യുന്നില്ല. പക്ഷേ ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമൊക്കെയുള്ള അധികാരം സുപ്രീം കോടതി സ്വമേധയാ വിനയോഗിച്ചു വരികയാണെന്ന് അദ്ദേഹം ആരോപിച്ചു. ജോര്‍ജ് എച്ച് ഗഡ്‌ബോയ്‌സിന്റെ ‘സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ദ ബിഗിനിങ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനനന്മ ലക്ഷ്യമാക്കി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പുരോഗമനപരമായ ജനാധിപത്യത്തിന്റെ അതിജീവനത്തിന് സ്വാതന്ത്ര്യവും പക്ഷപാതിത്വ രഹിതവുമായ നീതിന്യായ വ്യവസ്ഥയാണ് ആവശ്യം. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങള്‍. സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. തുടര്‍ച്ചയായ പ്രക്രിയയാണിത്. നീതിന്യായ വ്യവസ്ഥയില്‍ നിരന്തരമായ പരിശോധന ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

error: Content is protected !!