കഞ്ചാവ് വിറ്റുകിട്ടിയ വരുമാനത്തിന് നികുതിയടച്ച് മാതൃകയായി ബെംഗളൂരു സ്വദേശി

ഒരു ജോലിയുമില്ലാത്തയാൾ നികുതിയടച്ച തുക കേട്ട് പോലീസ് ഞെട്ടി. ജോലി തേടി ബംഗളുരുവിലെത്തിയ നിർമാണ തൊഴിലാളി നികുതി അടച്ചത് 40 ലക്ഷം രൂപ വാർഷിക വരുമാനത്തിന്. നികുതി ഒടുക്കിയിട്ടും വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്താതിരുന്ന ബെംഗളൂരു ചാമരാജ് നഗര്‍ പുഷ്പപുര സ്വദേശി രാച്ചപ്പരംഗയെയാണ്(35) കഞ്ചാവ് വിൽപ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

കനകപുര റോഡിലെ ആഡംബര വസതിയില്‍ താമസിച്ചിരുന്ന ഇയാള്‍ 40 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെന്ന് കാണിച്ചാണ് ആദായ നികുതി വകുപ്പിൽ റിട്ടേണ്‍ സമർപ്പിച്ചത്. എന്നാൽ സ്രോതസ്സ് വെളിപ്പെടുത്താത്തതില്‍ സംശയം തോന്നിയ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും, നാല് വർഷമായി ഇയാൾ ജോലി ഉപേക്ഷിച്ചതായും കണ്ടെത്തി.

ഇതേതുടർന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്‌ഥർ കോറമംഗല പോലീസിന് കൈമാറുകയായിരുന്നു. പിന്നീടാണ് കഞ്ചാവുവിറ്റുണ്ടാക്കിയ പണത്തിന് ‘സത്യസന്ധമായി’ നികുതിയടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് മനസ്സിലായത്. നിര്‍മാണത്തൊഴിലാളിയായിരുന്ന ഇയാളുടെ വരുമാനം കണ്ട് ഞെട്ടിയ പോലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കഞ്ചാവുവില്‍പ്പനയാണ് യഥാര്‍ഥതൊഴില്‍ എന്നു മനസ്സിലായത്.

തെളിവുസഹിതം പിടികൂടാന്‍ കാത്തിരുന്ന പോലീസിന് കഴിഞ്ഞദിവസം ഇയാള്‍ ഉള്‍പ്പെട്ട ഒരു ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഇടപാടുനടക്കുന്ന കോറമംഗലയിലെ ഒരുഹോട്ടലില്‍ നിന്ന് ഇയാളെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഒരു കിലോയ്ക്ക് 40000 രൂപ വില വരുന്ന 27 കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തു. നിർമാണ മേഖലയിൽ ജോലിക്കെത്തിയ ഇയാൾ കൂടെ ജോലി ചെയ്യുന്നവർക്കായിരുന്നു ആദ്യം കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്. പിന്നീട് ഇവർ വഴി വിൽപ്പന പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ നാല് വർഷമായി ഇയാൾ ജോലി ഉപേക്ഷിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.

error: Content is protected !!