ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം : കേന്ദ്രത്തിന് വിമർശനം, കേരളത്തിന് പ്രശംസ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഗവർണർ ജസ്റ്റീസ് പി.സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കേന്ദ്രനയങ്ങളെ വിമർശിച്ചും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ചുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് അഭിപ്രായപ്പെട്ട ഗവർണർ, ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്‍റെ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകുമെന്നും അറിച്ചു.

വികസന കാഴ്ചപ്പാടുകളുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോൾ പരിസ്ഥിതിയെക്കൂടി പരിഗണിക്കമെന്നും ഓഖി ദുരന്തം നൽകുന്ന മുന്നറിയിപ്പ് ഇതാണെന്നും ഗവർണർ ഓർമിപ്പിച്ചു. മാനവ വിഭവശേഷിയിലും അഴിമതി രഹിത പ്രവർത്തനങ്ങളിലും സംസ്ഥാനം മുൻപന്തിയിലാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് പരിഗണന നൽകിയ കാര്യത്തിലും സർക്കാർ ഒന്നാമതാണ്-ഗവർണർ വ്യക്തമാക്കി.

ദേശീയ തലത്തിൽ സംസ്ഥാനത്തിനെതിരെ ചില കുപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ ഗവർണർ അന്യസംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാനത്ത് യാതൊരു ഭീഷണികളുമില്ലെന്നും ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിന് നാല് പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.

error: Content is protected !!