ഡാറ്റാബാങ്ക് കടലാസ്സില്‍ മാത്രം : വയല്‍ നികത്തല്‍ തകൃതി

രേണുക വടക്കന്‍,
ന്യൂസ്‌ വിങ്ങ്സ്.

ഡാറ്റാ ബാങ്ക് : വയല്‍ നികത്തല്‍ തകൃതി..

രാജ്യത്തിനു തന്നെ മാതൃകയായി 2008-ലെ വി എസ് അച്ച്യുതാനന്ദന്‍ സര്‍ക്കാരാണ് നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ശക്തമായ രൂപത്തില്‍ കൊണ്ടുവന്നത്.അതിലെ സുപ്രധാനമായ നിയമസംവിധാനമാണ് ഡാറ്റബാങ്ക്. കൃത്യമായ കണക്കെടുപ്പുകളിലൂടെ നിലവില്‍ ബാക്കിയിരിപ്പുള്ള നീര്‍ത്തട-നെല്‍വയലുകളെ അതേപടി തനതു ഉപയോഗങ്ങള്‍ക്കായി നിലനിര്‍ത്തുക എന്നതായിരുന്നു ഡാറ്റ ബാങ്ക് രൂപീകരണത്തിന്റെ ഉദ്ദേശലക്‌ഷ്യം.
എന്നാല്‍,ഭൂമാഫിയയുടെ കൃത്യമായ ഇടപെടലുകള്‍ക്കുള്ളിലാണ് നിലവില്‍ ഡാറ്റാബാങ്ക് നിര്‍ണ്ണയം നടക്കുന്നത്. കരട്പട്ടിക പ്രസിദ്ധമായത്തിന് ശേഷം ഒരു ലക്ഷത്തിലധികം തിരുത്തല്‍-വിടുതല്‍ അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ സാധുതാ-പരിശോധന നടത്തുന്ന ലോക്കല്‍ മോണിറ്ററിങ്ങിന്റെ കണ്‍വീനര്‍ ആദ്യകാലത്ത് ജില്ലാകലക്ടര്‍ ആയിരുന്നു.എന്നാല്‍ ഇപ്പോളത് അതാത് പഞ്ചായത്ത് കൃഷി ഓഫീസര്‍മാരാണ്. ഡാറ്റാബാങ്ക് വിടുതല്‍ തീരുമാനം ജില്ലാഅധികാരിയായ കലക്ടറില്‍ നിന്നും പ്രാദേശികവത്കരിക്കപ്പെട്ടുവെന്ന് സാരം. സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ രേഖപ്പിശക് മൂലം 5-10% വരെ കരട് പട്ടികയില്‍ തെറ്റ് വന്നിരിക്കാമെങ്കിലും 90%-വും നിര്‍ണ്ണയകാലത്ത് നെല്‍വയലോ,നീര്‍ത്തടമോ ആയിരിക്കുമെന്നും, പിന്നീട് വകമാറ്റപ്പെട്ടവയാണെന്നും സാമാന്യമായി നിരീക്ഷിക്കാം.

വയല്‍നികത്തലിന്റെ വസ്തുതകള്‍.

നിലവിലെ സാഹചര്യമനുസരിച്ച്, സാധാരണക്കാരനെ ലക്ഷ്യമിട്ട് വീടെടുക്കുവാന്‍ ചെറിയതോതിലുള്ള നികത്തലുകള്‍ക്ക് സാധ്യത ലഭിക്കുന്നുണ്ട്. നിര്‍ബന്ധിത സാഹചര്യങ്ങളെ പരിഗണിച്ച് മാത്രമാണിത്. എന്നാല്‍ ഇതിന്റെ ആനുകൂല്യം ഭൂരിഭാഗവും മുതലെടുക്കുന്നത് ഭൂമാഫിയകളാണ്. ഏറ്റവും ചെറിയ വിലയ്ക്ക് കൈവശപ്പെടുത്തുന്ന ഏക്കറുകണക്കിന് തനത് നീര്‍ത്തട – നെല്‍വയലുകള്‍ പൂര്‍ണ്ണമായും മണ്ണിട്ട്‌ നികത്തിയ ശേഷം ചെറുപ്ലോട്ടുകലാക്കി വില്‍പ്പന നടത്തുകയാണ്. ഡാറ്റാബാങ്ക് സംവിധാനത്തെ കബളിപ്പിക്കുവാനും 5-10 സെന്റുകളുടെ നികത്തല്‍ ആനുകൂല്യം നേടുവാനുമാണിത്. നിലവില്‍ 2008-നു മുന്‍പേയുള്ള നികത്തലുകള്‍ സാധൂകരിക്കപ്പെടുമെങ്കിലും അതിനു ശേഷമുള്ളവ കൃത്യമായും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.എന്നാല്‍, ഇപ്പോളുള്ള ഭൂരിഭാഗം നികത്തലുകളും കഴിഞ്ഞ 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉള്ളവയാണ്.ഇത്തരം നികത്തലുകളെ 2008-നു മുന്‍പേയുള്ളവയാണെന്ന് സ്ഥാപിക്കാന്‍ നിലവില്‍ ലോക്കല്‍ മോണിറ്ററിങ്ങ് കണ്‍വീനര്‍ക്ക് അഥവാ,കൃഷി ഓഫീസര്‍ക്ക് സാധിക്കും.അങ്ങിനെവരുമ്പോഴാണ് ഈ കമ്മറ്റിയുടെ സുതാര്യതയും സത്യസന്ധതയും പരിശോധിക്കപ്പെടേണ്ടതായി വരുന്നത്.

ഭീകരമായ പാരിസ്ഥിതിക നാശം..

കടുംരാസമാലിന്യങ്ങളും,പ്ലാസ്റ്റിക്-ഫൈബര്‍ തുടങ്ങിയവയും കെട്ടിടഅവശിഷ്ടങ്ങളും കൊണ്ടാണ് നികത്തലുകള്‍ നടത്തുന്നത്.ഇവയെല്ലാം വന്നുവീഴുന്നത് സുപ്രധാനമായ നീര്‍ത്തട ജൈവവ്യവസ്ഥകള്‍ക്ക് മേല്‍ തന്നെ. കുന്നിന്‍ പ്രദേശങ്ങളുടെ കുടിവെള്ളസംഭരണികൂടിയാണീ നീര്‍ത്തടങ്ങള്‍ എന്നറിയുമ്പോളാണ് വിഷയം സാമൂഹികമാകുന്നത്.വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളം തേടി നാടലയുന്ന മനുഷ്യരാരും വയല്‍നികത്തി ഭൂഗര്‍ഭജലം നശിപ്പിക്കുന്ന ഭൂമാഫിയയെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

ഒത്താശയുമായി അധികൃതര്‍..

ഒട്ടും പാരിസ്ഥിതികമല്ല നമ്മുടെ സമകാലികഭരണവ്യവസ്ഥകളും നടപടികളെന്നുമെന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. 2017 ജൂലൈ 31 വരെയുള്ള ചട്ടലംഘന നിര്‍മ്മിതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ട് ആഴ്ചകള്‍ തികഞ്ഞേയുള്ളൂ. ക്വാറി ഖനനഅകലം 200-ല്‍ നിന്നും 50- ആയി കുറച്ചിട്ട് മാസങ്ങളും തികഞ്ഞു. മൂന്നാര്‍ പോലുള്ളവ മറ്റൊരു വലിയ വിമര്‍ശനവിഷയമായി നിലനില്‍ക്കുന്നുമുണ്ട്.ഇതിന്റെ ഏറ്റവും താഴെക്കിടയിലേക്ക് വരുമ്പോളാണ് ഭൂമാഫിയകളും പഞ്ചായത്ത് വില്ലേജ് അധികാരികളും തമ്മിലുള്ള ‘അന്തര്‍ധാര’ എത്ര സജീവമാണെന്ന് കാണാനാവുന്നത്. അനധികൃതമായ വയല്‍നികത്തലുകള്‍ അറിയിച്ചാല്‍ തിരിഞ്ഞുനോക്കാന്‍ പോലും കൂട്ടാക്കാത്തവര്‍ വിഷയത്തില്‍ പരിഹാസ്യമായ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.കാരണം,വയല്‍ നികത്തലുകള്‍ ഇക്കൂട്ടര്‍ക്ക് വലിയ സമാന്തരവരുമാന മാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു.

എല്ലാം മുകളിലിരുന്നൊരാള്‍ കാണുന്നുണ്ട്..

ഭൂമാഫിയ – ഉദ്ദ്യോഗസ്ഥ കൂട്ടുകെട്ടിന് ഏറ്റവും വലിയ ഭീഷണിയാണ് ഗൂഗിള്‍ സാറ്റലൈറ്റ് ദൃശ്യങ്ങള്‍. ഒരു സ്ഥലത്തിന്റെ പൂര്‍വ്വസ്ഥിതി വാര്‍ഷികാനുപാതത്തില്‍ ആര്‍ക്കും പരിശോധിക്കുവാന്‍ പാകത്തില്‍ നിലനില്‍ക്കുകയാണ്. സാറ്റലൈറ്റ് മോണിറ്ററിങ്ങ് ഡാറ്റാബാങ്കിന്റെ കാര്‍ക്കശ്യത്തിനും,കൃത്യതയ്ക്കും വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ പൈതൃകമായ വയലിടങ്ങള്‍ ബാക്കിനില്‍ക്കാന്‍ ഇത് മാത്രമാണ് തിരുത്തപ്പെടാത്ത ഏകരേഖയും,ഏക പ്രതീക്ഷയും.

error: Content is protected !!