ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളർ

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അസംസ്‌കൃത എണ്ണയുടെ വില 71 ഡോളറിലേക്കെത്തി. ഇന്നലെ 71 .05 ഡോളർ വരെ വില ഉയർന്നു. 2014 ഡിസംബറിലാണ് ഇതിനു മുൻപ് വില 71 ഡോളറിനു മുകളിലെത്തിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഓപെകും റഷ്യയും ഉത്പാദനം വെട്ടികുറച്ചതാണ് ആഴ്ചകളായുള്ള വിലക്കയറ്റത്തിന് കാരണം. ഇന്ത്യയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില സർവകാല റെക്കോർഡിലേക്ക് ഉയരാൻ കാരണമായി സർക്കാരും എണ്ണ വിതരണ കമ്പനികളും പറയുന്ന ന്യായം ഇതാണ്.

കഴിഞ്ഞ വർഷമാണ് ഉത്പാദനം കുറഞ്ഞ തോതിലാക്കാൻ ഓപെകും റഷ്യയും തീരുമാനിച്ചത്. ഈ വർഷം ഉടനീളം ഉത്പാദനം കുറഞ്ഞ തോതിൽ തുടരാനാണ് അവരുടെ തീരുമാനം. സ്വാഭാവികമായും അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡിന്റെ വില ഉയർന്ന തോതിൽ തുടരാനാണ് സാധ്യത.

ഡോളറിന്റെ വില ഒട്ടുമിക്ക പ്രമുഖ കറൻസികൾക്കെതിരെയും താഴുന്നതും എണ്ണ വില ഉയരുന്നതിനു കാരണമാകുന്നു. നിക്ഷേപകർ കറൻസി മാർക്കറ്റിൽ നിന്ന് നിക്ഷേപം ക്രൂഡ് ഓയിൽ, സ്വർണ്ണം തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് മാറ്റുന്നതാണ് ഇതിനു ഒരു കാരണം. ഏതാനും ആഴ്ചകളായി സ്വർണ്ണത്തിന്റെ വിലയും കൂടി വരികയാണ്.
എന്നാൽ വില മുന്നേറ്റത്തിനു തടയിടുന്നതിനു അമേരിക്ക ഉത്പാദനം കൂടിയിട്ടുണ്ട്. 2016 ജൂണിനു ശേഷം അവരുടെ ഉത്പാദനം സൗദി അറേബ്യക്ക് ഒപ്പമാണ്.

error: Content is protected !!