റെക്കോര്‍ഡ്‌ വിലയുമായി നാളികേരം; കേര കര്‍ഷകര്‍ക്ക് ആശ്വാസം

തൊട്ടാല്‍ പൊള്ളുന്ന വിലവര്‍ധനയുമായി അവശ്യസാധനങ്ങള്‍ കുതിക്കുമ്പോള്‍ ആശ്വാസമാകുന്നത് തേങ്ങയുടെ വില വര്‍ധനായാണ്‌. റെക്കോര്‍ഡ് വിലയാണ് നാളികേരത്തിന് കേരളത്തില്‍ ഇപ്പോള്‍. കിലോയ്ക്ക് 60 രൂപയാണ് തേങ്ങയുടെ ചില്ലറ വില.

തെങ്ങുകയറ്റക്കാരുടെ വര്‍ധിച്ചുവരുന്ന കൂലിയും, കൃഷിചെയ്യുന്നതിലെ ബുദ്ധിമുട്ടും, കീടങ്ങളുടെ ആക്രമണവും കൊണ്ട് വളരെയധികം ബുദ്ധിമുട്ടിലായിരുന്നു കേരളത്തിലെ കര്‍ഷകര്‍.പലരും നാളികേരകൃഷി വിട്ട് റബ്ബറിന്റെ പുറകെ പോയി. എന്നാല്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് നല്ലകാലം വന്നുതുടങ്ങിയെന്നുള്ളതിന് സൂചനയാണ് ഇപ്പോഴത്തെ റെക്കോര്‍ഡ് വില.

തമിഴ്‌നാട്ടില്‍ നിന്ന് തേങ്ങയുടെ വരവ് കുറഞ്ഞതും, നാളികേര ഉത്പാദനത്തിലെ വര്‍ധനവും,കേരളത്തിലുടനീളം 30ലധികം കമ്പനികള്‍ വന്‍തോതില്‍ തേങ്ങകള്‍ ശേഖരിക്കാന്‍ എത്തുന്നതുമാണ് ഇപ്പോള്‍ വില വര്‍ധിക്കാന്‍ കാരണമെന്നും ഇത് കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പി.മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വലിയ വിലവര്‍ധനയാണ് തേങ്ങയ്ക്ക് ഉണ്ടായിരിക്കുന്നത്. 2014 ല്‍ കിലോയ്ക്ക് 22 രൂപയായിരുന്നു തേങ്ങയ്ക്ക് വില , 2017 ല്‍ ഇത് 36 രൂപയായി വര്‍ധിച്ചു. അതിന്‌ശേഷം ഈ വര്‍ഷമാണ് നാളികേരത്തിന്റെ വിലയില്‍ വന്‍കുതിപ്പുണ്ടായിരിക്കുന്നത്. കൊപ്രവിലയിലും സമാനമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2017 ല്‍ കിലോയ്ക്ക് 115 രൂപയായിരുന്നു കൊപ്രയ്ക്ക് വിലയെങ്കില്‍ 2018 ആയപ്പോള്‍ 150 രൂപയായി വര്‍ധിച്ചു.

അതേസമയം, നാളികേരത്തിന്റെ വിലവര്‍ധന വെളിച്ചെണ്ണ വിലയെയും സാരമായി ബാധിക്കുന്നുണ്ട്. 260 രൂപയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ വെളിച്ചണ്ണയ്ക്ക് വില.

error: Content is protected !!